കൊച്ചി
റുപേ പ്രൈം വോളി ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ചാമ്പ്യൻമാർ. ഫൈനലിൽ 3–-2ന് ബംഗളൂരൂ ടോർപ്പിഡോസിനെ കീഴടക്കി. ആദ്യ രണ്ട് സെറ്റ് അനായാസം നേടിയ അഹമ്മദാബാദിനെ അടുത്ത രണ്ട് സെറ്റിൽ ബംഗളൂരു വിറപ്പിച്ചു. എന്നാൽ, നിർണായകമായ അഞ്ചാം സെറ്റ് നേടി അഹമ്മദാബാദ് കിരീടം ചൂടി. സ്കോർ: 15–-7, 15–-10, 18–-20, 13–-15, 15–-10.
ആദ്യ സെറ്റിൽ അഹമ്മദാബാദ് തകർപ്പൻ കളി പുറത്തെടുത്തു. ഡാനിയൽ മൊയെതാസെദിയുടെ ബ്ലോക്കുകൾ അഹമ്മദാബാദിനെ നയിച്ചു. 8–-5ന് അഹമ്മദാബാദ് മുന്നിലെത്തി. ഒടുവിൽ ഈ ഇറാൻ താരത്തിന്റെ സെർവ് ബംഗളൂരുവിന്റെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചതോടെ സെറ്റ് 15–-7ന് അഹമ്മദാബാദ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ബംഗളൂരുവിന് പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ രാമസ്വാമി അംഗമുത്തുവാണ് അഹമ്മദാബാദിനായി തിളങ്ങിയത്.
മൂന്നാംസെറ്റിൽ ആക്രമണാത്മകമായി കളിച്ച ബംഗളൂരു തുടർച്ചയായ ആറ് പോയിന്റുകളാണ് നേടിയത്. സേതുവിന്റെ സൂപ്പർ സെർവ് അവരുടെ ആധിപത്യം ഉറപ്പാക്കി. ഒപ്പത്തിനൊപ്പം മുന്നേറിയ സെറ്റിൽ 20–-18നായിരുന്നു അവരുടെ ജയം. നാലാംസെറ്റിൽ അഹമ്മദാബാദ് ആധികാരികമായി തുടങ്ങി. മൊയെതാസെദിയുടെ മിന്നുന്ന സ്മാഷ് കളിയിൽ അഹമ്മദാബാദിന്റെ നിയന്ത്രണം നിലനിർത്തി.
അഞ്ചാംസെറ്റിൽ അഹമ്മദാബാദ് തകർപ്പൻ കളിയിലൂടെ ജയം കുറിച്ചു. അംഗമുത്തുവായിരുന്നു അവരുടെ കുന്തമുന. കഴിഞ്ഞ സീസൺഫെെനലിൽ അഹമ്മദാബാദ് കൊൽക്കത്തയോട് തോറ്റു.