ബംഗളൂരു > കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി ബിജെപി നേതാവിന്റെ മകന്റെ കൈക്കൂലിക്കേസ്. കൈക്കൂലിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകോടി രൂപ കണ്ടെടുത്തു. കര്‍ണാടകയിലെ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷാപ്പയുടെ മകന് വി പ്രശാന്ത് മദലിന്റെ വീട്ടില്‍ നിന്ന് ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പണം പിടിച്ചെടുത്തത്. കൂമ്പാരമായി കൂട്ടിയിട്ട പണം ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ടന്റായ പ്രശാന്തിനെ കൈക്കൂലിക്കേസില്‍ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തിരുന്നത്. ക്രെസന്റ് റോഡിലെ ഓഫീസില്‍വെച്ച് സ്വകാര്യ വ്യക്തിയില്‍നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ലോകായുക്ത പൊലീസ് പിടികൂടിയത്.
പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടതായി വ്യാഴാഴ്ച രാവിലെയാണ് ലോകായുക്ത പൊലീസില്‍ സ്വകാര്യവ്യക്തി പരാതിനല്‍കിയത്. ഇതേത്തുടര്‍ന്ന് ലോകായുക്ത പോലീസ് കെണിയൊരുക്കി കൈയോടെ പിടികൂടുകയായിരുന്നു. പ്രശാന്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടില്‍ നിന്ന് കോടികള്‍ പിടിച്ചെടുത്തത്.