തിരുവനന്തപുരം
ബഫർസോണിൽ ഉൾപ്പെടുന്ന 70,582 നിർമിതിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ടാണ് വനംമന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കൈമാറിയത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റർ ബഫർസോണിലെ നിർമിതികളുടെ കണക്കാണിത്. രണ്ടു വാല്യങ്ങളിലായുള്ള റിപ്പോർട്ട് പരിശോധിച്ചശേഷം സുപ്രീംകോടതി നിർദേശപ്രകാരമുള്ള തുടർനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി അറിയിച്ചു.
സർവേ നമ്പരോടുകൂടി നിർമിതികളുടെയും അനുബന്ധ ഉപഘടകങ്ങളുടെയും വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പ്രദേശങ്ങളുടെ അതിർത്തി, ആകൃതി, വിസ്തീർണം എന്നിവയും നിർണയിച്ചു. നിർമിതികളുടെ വിശദാംശങ്ങൾ പട്ടികപ്പെടുത്താൻ സുപ്രീംകോടതിയാണ് നിർദേശിച്ചത്. തുടർന്ന് ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നിർമിതികളുടെ കണക്കെടുക്കാൻ കെഎസ്ആർഇസിയെ ചുമതലപ്പെടുത്തി. ഇതിൽ ചില നിർമിതികൾ വിട്ടുപോകാൻ സാധ്യതയുണ്ടെന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് സ്ഥലപരിശോധന നടത്തിയത്. ഇതിനായി അഞ്ചംഗ വിദഗ്ധസമിതിയും സഹായിക്കാൻ നാലംഗ സാങ്കേതിക സമിതിയും രൂപീകരിച്ചു. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വനം, തദ്ദേശം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരും വളന്റിയർമാരും നിർമിതികളുടെ വിവരങ്ങൾ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ ശേഖരിച്ചത്. പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാൻ അവസരവും നൽകി.
വിദഗ്ധസമിതി
അംഗങ്ങൾ
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു, തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വനം അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനംവകുപ്പ് മുൻ പിസിസിഎഫ് കെ ജെ വർഗീസ്.
സാങ്കേതിക സമിതി പ്രമോദ് ജി കൃഷ്ണൻ, ഡോ. റിച്ചാർഡ് സ്കറിയ, ഡോ. എ വി സന്തോഷ് കുമാർ, ഡോ. ജോയ് ഇളമൺ