തിരുവനന്തപുരം
നെൽവയലുകളും തണ്ണീർത്തടങ്ങളും തരം മാറ്റുന്നതിനുള്ള അപേക്ഷകളിൽ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചവർക്ക് മുൻഗണ നൽകുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ഇതിനുള്ള നിർദേശം ആർഡിഒമാർക്ക് നൽകി. ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്സയ്ക്കും വായ്പാസഹായത്തിനും അപേക്ഷ നൽകുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് കാനത്തിൽ ജമീലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പ്രത്യേക പ്രവർത്തന നടപടിക്രമത്തിന് രൂപം നൽകി. ഈ സർക്കാരിന് 2,26,901 അപേക്ഷ ലഭിച്ചതിൽ 94.71 ശതമാനത്തിലും നടപടി പൂർത്തിയായി. പ്രത്യേക നടപടിക്രമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആഴ്ചതോറും ആർഡിഒയുടെ നേതൃത്വത്തിൽ ജൂനിയർ, സീനിയർ സൂപ്രണ്ടുമാരുടെ യോഗം ചേരുന്നതായും മന്ത്രി പറഞ്ഞു.
ക്രയവിക്രയം സുതാര്യമാക്കാൻ ‘എന്റെ ഭൂമി ’ പോർട്ടൽ
ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ “എന്റെ ഭൂമി’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. ഇതോടെ ഭൂമിയുടെ ക്രയവിക്രയ തർക്കം ഒഴിവാകും. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യുവകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നിവ ഇതുമായി സംയോജിപ്പിക്കും. അതിരുകല്ല് മാറ്റി ഭൂമി വെട്ടിപ്പിടിക്കാനുള്ള ശ്രമം ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ അസാധ്യമാകും. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലികമായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും നിയമിക്കും. വിവിധ ഭവനപദ്ധതിയിൽ വീട് ലഭ്യമായിട്ടുള്ളവർക്ക് പട്ടയം നൽകും. മലയോര–- ആദിവാസിമേഖലയിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് പട്ടയം അനുവദിക്കും. ഒരു വർഷക്കാലയളവിൽ 54,535 പട്ടയം വിതരണംചെയ്തു. രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് 40,000 പട്ടയം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.