ന്യൂഡൽഹി> ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണി മുതൽ മൂന്നിടത്തും വോട്ടെണ്ണൽ ആരംഭിക്കും.
ബിജെപിയുടെ കടന്നാക്രമണങ്ങൾക്കിടെ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്. 88 ശതമാനമായിരുന്നു പോളിങ്. ഇടതുമുന്നണി നേതൃത്വം നൽകുന്ന വിശാല മതനിരപേക്ഷ മുന്നണിക്ക് പ്രാദേശിക മാധ്യമങ്ങൾ വിജയം പ്രവചിക്കുന്നു. ചില ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ഭരണം നിലനിർത്തുമെന്നും പ്രവചിക്കുന്നു.
മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർടിയും തൃണമുൽ കോൺഗ്രസും തമ്മിലാണ് പ്രധാനമത്സരം. എൻപിപി വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം. നാഗാലാൻഡിൽ എൻഡിപിപി- ബിജെപി സഖ്യവും നാഗാ പീപ്പിൾസ് ഫ്രണ്ടും കോൺഗ്രസുമാണ് മത്സരരംഗത്തുള്ളത്. എൻഡിപിപി– ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ്പോൾ ഫലം.