തിരുവനന്തപുരം
യുഡിഎഫ് സർക്കാർ ഗുണ്ടാസേനയാക്കി മാറ്റിയ കേരള പൊലീസിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റാൻ എൽഡിഎഫിന് കഴിഞ്ഞതായി എ സി മൊയ്തീൻ പറഞ്ഞു. യുഡിഎഫ് കാലത്ത് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ആയുധമായിരുന്നു പൊലീസ്. മൂന്ന് ആഭ്യന്തരമന്ത്രിമാരാണ് ആ കാലത്തുണ്ടായത്. സിപിഐ എം നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനും നാട് കടത്താനുമാണ് അന്ന് പൊലീസിനെ ഉപയോഗിച്ചതെന്നും ധനാഭ്യർഥന ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രമസമാധാനമല്ല, പ്രതിപക്ഷത്തിന്റെ മനസ്സമാധാനമാണ് തകർന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമരത്തിന് ജനങ്ങളെ കൂട്ടാൻ കഴിയാത്ത യുഡിഎഫ് അക്രമസമരങ്ങളിലേക്ക് അധഃപതിച്ചെന്ന് എം എം മണി പറഞ്ഞു. വർഗീയകലാപങ്ങൾ ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ പൊലീസിന് കഴിഞ്ഞതായി വി ജോയി പറഞ്ഞു. ജനങ്ങൾ മുഖ്യമന്ത്രിയോടൊപ്പം നിലകൊള്ളുന്നതാണ് യുഡിഎഫിനെ പേടിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊന്തക്കാടുകളിൽ ഒളിച്ചിരുന്ന് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസുകാർ നാടുനീളെ കിടന്ന് നിലവിളിക്കുകയാണെന്ന് കെ എം സച്ചിൻദേവ് പറഞ്ഞു. എൽഡിഎഫ് സർക്കാർ ജയിലിലൊരുക്കുന്ന സൗകര്യങ്ങളുടെ ഗുണഭോക്താക്കളാകുന്നത് യുഡിഎഫ് ആണെന്നും അതിനാൽ ധനാഭ്യർഥനയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കെ ഡി പ്രസേനൻ പരിഹസിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥന കീറിയെറിഞ്ഞ പ്രതിപക്ഷം ഇപ്പോൾ അതിൽനിന്ന് കാശ് അടിച്ചുമാറ്റുന്നവരുടെ ശുപാർശക്കാരായി മാറിയെന്ന് ടി ഐ മധുസൂദനൻ പറഞ്ഞു. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇ ചന്ദ്രശേഖരൻ, ടി വി ഇബ്രാഹിം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മോൻസ് ജോസഫ്, തോമസ് കെ തോമസ്, പി ഉബൈദുള്ള, സി കെ ആശ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.