തിരുവനന്തപുരം
മൂന്നാർ പ്രീമെട്രിക് ഹോസ്റ്റലിലുള്ള ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭയിലെത്തി. പഠന, വിനോദയാത്രയുടെ ഭാഗമായായിരുന്നു സന്ദർശനം. സഭാ നടപടികൾ വീക്ഷിച്ച വിദ്യാർഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാധാകൃഷ്ണനുമൊപ്പം കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണു മടങ്ങിയത്. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായാണു വിദ്യാർഥിനികൾ നിയമസഭ കാണാനെത്തിയത്. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലാണ് സംഘം എത്തിയത്.
തിരുവനന്തപുരത്ത് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും കണ്ട് കൊച്ചിയിലേക്ക് ട്രെയിനിലാണ് ഇവരുടെ മടക്കയാത്ര. നിയമസഭയിലെത്തിയ വിദ്യാർഥികൾക്കൊപ്പം പട്ടികവർഗ വികസന ഡയറക്ടർ വിനയ് ഗോയൽ അടക്കമുള്ള ഉദ്യോഗസ്ഥ സംഘവുമുണ്ടായിരുന്നു.