ന്യൂഡൽഹി
വ്യോമയാനരംഗത്തെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. സീസണിൽ കമ്പനികൾ അമിത നിരക്ക് വാങ്ങുന്നതിൽ സംസ്ഥാനത്തിന്റെ പ്രതിഷേധവും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു. ടിക്കറ്റ് നിരക്കിൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, സീസണിലെ നിരക്ക് വർധന നിയന്ത്രിക്കാൻ കൂടുതൽ സർവീസുകളും സീറ്റുകളും ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചതായി കെ വി തോമസ് മാധ്യമങ്ങളോട്പറഞ്ഞു.
കൊച്ചി വിമാനത്താവളത്തെ പ്രത്യേക കേസായി പരിഗണിച്ച് വിദേശ അഡ്ഹോക്, നോൺ -ഷെഡ്യൂൾഡ് ഫ്രെയിറ്റർ ചാർട്ടർ സർവീസ് ഫ്ലൈറ്റുകളുടെ പ്രവർത്തനം അനുവദിക്കുന്നത് പെട്ടന്ന് കേടാകുന്ന ചരക്കുകളുടെ നീക്കം വേഗത്തിലാക്കാൻ സഹായിക്കുമെന്നും അതിനുള്ള നടപടി വേണമെന്നും തോമസ് ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവള റൺവേ ദീർഘിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കുക, കാസർകോട് പെരിയ എയർസ്ട്രിപ് അനുമതി, കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ അനുമതി, കേരളത്തിന്റെ ഏവിയേഷൻ അക്കാദമി വിപുലീകരിക്കാനുള്ള നടപടി എന്നിവയും അദ്ദേഹം ഉന്നയിച്ചു. രാജീവ്ഗാന്ധി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ എല്ലാ ആവശ്യങ്ങളോടും അനുകൂലമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും കെ വി തോമസ് പറഞ്ഞു. കൊച്ചി, മധുര തിരുവനന്തപുരം വിമാനത്താവളങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ശബരിമല എയർപോർട്ടിന് അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായയും അദ്ദേഹം പറഞ്ഞു.