ചാവക്കാട്
ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട ഗൈനക്കോളജി ഡോക്ടറും അനസ്തീഷ്യസ്റ്റും കുടുങ്ങി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് കോശിയും അനസ്തേഷ്യ ഡോക്ടർ വീണ വർഗീസുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
പാവറട്ടി വലിയകത്ത് വീട്ടിൽ ആഷിക് നൽകിയ പരാതിയെ ത്തുടർന്നാണ് വിജിലൻസ് സം ഘം ഇരുവരെയും വലയിലാക്കിയത്. ഗർഭപാത്രത്തിൽ മുഴയെത്തുടർന്ന് ആഷിക്കിന്റെ ഭാര്യ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുഴ നീക്കം ചെയ്യുന്ന ഓപ്പറേഷന് ഡോ. പ്രദീപ് കോശി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന് പുറമെ അനസ്തേഷ്യ ഡോക്ടർ വീണാ വർഗീസ് 2000 രൂപയും ആവശ്യപ്പെട്ടു. ഇതോടെ ആഷിക് വിജിലൻസിനെ വിവരമറിയിച്ചു.
വിജിലൻസ് സംഘം നൽകിയ നോട്ടുമായി ആഷിക് ബുധൻ പകൽ രണ്ടോടെ ആശുപത്രിക്കടുത്ത് ഡോക്ടർമാർ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന വീട്ടിലെത്തി പണം കൈമാറി. പുറകെ വിജിലൻസെത്തിആദ്യം പ്രദീപ് കോശിയെയും പിന്നീട് വീണാ വർഗീസിനെയും കസ്റ്റഡിയിലെടുത്തു. വിജിലൻസ് ഡിവൈഎസ്പി സി ജി ജിം പോൾ, എറണാകുളം വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജിലൻസ് സംഘം.