കവളങ്ങാട്
എറണാകുളം–-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലത്തിന് വ്യാഴാഴ്ച 88––ാംപിറന്നാള്‍. ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലമാണിത്. ഇതിന് സമീപത്തായി പുതിയ പാലം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മണ്ണ് പരിശോധനയടക്കം ആരംഭിച്ചു. 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവാണ് പാലം ഉദ്ഘാടനം ചെയ്തത്. 1924ൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം 10 വർഷമെടുത്തു.
മൂന്നാറിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണ ഓർമകൾ ഉറങ്ങുന്ന നേര്യമംഗലം പാലം യാത്രക്കാർക്കും ആവേശക്കാഴ്ചയാണ്. മഴക്കാലത്ത് പെരിയാറിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഒഴുക്ക് കണക്കിലെടുത്ത് പാലത്തിന് വെള്ളത്തിന്റെ ശക്തിയെ അതിജീവിക്കാനായി കമാനാകൃതിയിലാണ് നിർമാണം. കൊച്ചിയിൽനിന്ന് തട്ടേക്കാട് -പൂയംകുട്ടി -മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ഹൈറേഞ്ചിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ളവിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1872 മുതൽ ബ്രിട്ടീഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ആരംഭിക്കുകയും കൊളുന്ത് ഫാക്ടറികളിലെത്തിക്കാനായി റെയിൽപ്പാതകൾ നിർമിക്കുകയും ചെയ്തു. തേയില റോപ് വേ വഴിയും റോഡ് മാർഗവുമായി തേനിവഴി തൂത്തുക്കുടിയിലെത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാൽ, തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ അറിയപ്പെടുന്ന കൊല്ലവർഷം 1099ലുണ്ടായ (ഇംഗ്ലീഷ് വർഷം 1924) മഹാപ്രളയത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നാമാവശേഷമാകുകയും പൂയംകുട്ടിമുതൽ മാങ്കുളംവരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിയുകയും ചെയ്തു. സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ വെള്ളപ്പൊക്കമുണ്ടായി. ബ്രിട്ടീഷുകാർ നിർമിച്ച റെയിലും റോപ് വേയും പ്രളയത്തിൽ നശിച്ചു. ഇതോടെ കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവമുതൽ മൂന്നാർവരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു.
റാണി സേതു ലക്ഷ്മി ഭായിയുടെ പേരിൽ നിർമിച്ച പാലം 1935നുശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം പൂർത്തിയാക്കിയിരിക്കുന്നത്. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ശർക്കരയും ചുണ്ണാമ്പും കലർത്തിയുണ്ടാക്കുന്ന സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. പാലം ഉദ്ഘാടനത്തിനുശേഷം 1961ലും 2018ലുമുണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി-–-ധനുഷ്കോടി ദേശീയപാതയിൽ പ്രൗഢിയിൽ വിരാജിക്കുകയാണ് നേര്യമംഗലം പാലം.