തിരുവനന്തപുരം
പഠന മികവുകളുടെ അവതരണത്തിനും ‘പഠിപ്പുറസി’ വിജയപ്രഖ്യാപനത്തിനുമായി ഇടുക്കി ഇടമലക്കുടിയിലെ കരുന്നുകൾ തലസ്ഥാനത്ത് എത്തി. ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിലെ 29 കുട്ടികളും 12 രക്ഷിതാക്കളും അധ്യാപകരും ട്രൈബൽ ഹോസ്റ്റൽ ജീവനക്കാരും ഉൾപ്പെടെയുള്ള 53 പേരാണ് സംഘത്തിലുള്ളത്.
ആദ്യമായി ഈരിൽനിന്ന് പുറംനാട്ടിലെത്തിയ കുട്ടികൾ ചൊവ്വാഴ്ച കൊച്ചിയിൽ വിമാനത്താവളവും മെട്രോയുമെല്ലാം സന്ദർശിച്ചശേഷം ബുധൻ രാവിലെ ട്രെയിനിലാണ് അനന്തപുരിയിലെത്തിയത്. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ് എസ് സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആദ്യദിനം നഗര പെരുമകളും കടലും കായലും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും മ്യൂസിയവും കണ്ടശേഷം കോവളത്ത് എത്തി. അവിടെ താമസിച്ചശേഷം വ്യാഴം രാവിലെ നിയമസഭയിലെത്തും. മുതുവാൻ ഭാഷയിൽ ആശയ വിനിമയം നടത്തുന്ന കുട്ടികൾക്ക് ആശയ ഗ്രഹണത്തോടെ വായിക്കാനും എഴുതാനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ‘പഠിപ്പുറസി’ പദ്ധതിയുടെ വിജയപ്രഖ്യാപനത്തിൽ ഇവർ പങ്കെടുക്കും. പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വിജയ പ്രഖ്യാപനം നിർവഹിക്കും.
ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി സ്കൂളിന് പ്രശംസാപത്രം കൈമാറും. തുടർന്ന് കുട്ടികൾ മുഖ്യമന്ത്രിയുമായി സംവദിച്ച ശേഷം നിയമസഭാ ഗ്യാലറി, ലൈബ്രറി, മ്യൂസിയം തുടങ്ങിയവ സന്ദർശിക്കും. പ്രിയദർശിനി പ്ലാനറ്റേറിയവും ശാസ്ത്ര മ്യൂസിയവും സന്ദർശിച്ച് വൈകുന്നേരത്തോടെ പ്രത്യേക ബസിൽ മടങ്ങും. ദൂരയാത്ര ചെയ്തിട്ടില്ലാത്ത കുട്ടികളായതിനാൽ അടൂരിൽ താമസിച്ചശേഷം വെള്ളിയാഴ്ചയേ ഇടമലക്കുടിയിലെത്തൂ.
ഇടുക്കി ജില്ലയിലെ മൂന്നാർ ബി ആർ സിയിൽ ഉൾപ്പെട്ട മുതുവാൻ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പ്രത്യേകഭാഷാ പാക്കേജാണ് പഠിപ്പുറസി.