ന്യൂഡൽഹി
ബിബിസിക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആദ്യമായി രാജ്യാന്തരവേദിയിൽ ഉന്നയിച്ച് ബ്രിട്ടൻ. ജി–-20 വിദേശമന്ത്രിമാരുടെ യോഗത്തിന് ഡൽഹിയിലെത്തിയ ബ്രിട്ടീഷ് വിദേശമന്ത്രി ജയിംസ് ക്ലെവർലി വിദേശമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ സംഭാഷണത്തിലാണ് റെയ്ഡിൽ ആശങ്കയറിയിച്ചത്.
വിഷയം ഉന്നയിച്ചതായി സ്ഥിരീകരിച്ച ക്ലെവർലി, വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണെന്നും ഏജൻസി നിയമപ്രകാരം മാത്രമാണ് നീങ്ങുന്നതെന്നുമായിരുന്നു ജയ്ശങ്കറിന്റെ വിശദീകരണം.
ഗുജറാത്ത് വംശഹത്യയില് മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ഡോക്യുമെന്ററിക്ക് പിന്നാലയായിരുന്നു കഴിഞ്ഞ മാസം മുംബൈ, ഡൽഹി ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് തുടർച്ചയായി മൂന്നുദിവസം റെയ്ഡ് നടത്തിയത്. കേന്ദ്രത്തിന്റെ പ്രതികാര നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതിഷേധവും ഉയർന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നായിരുന്നു തുടക്കത്തിൽ ബ്രിട്ടന്റെ നിലപാട്.
മുഖം തിരിച്ച് യുഎസ്; നിലപാട് കടുപ്പിക്കാൻ റഷ്യ, ചൈന
‘വസുധൈവ കുടുംബകം’ സന്ദേശമുയർത്തി ഇന്ത്യ ആതിഥ്യമരുളുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശമന്ത്രിമാരുടെ യോഗം ലോകരാഷ്ട്രങ്ങളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി. ഉഭയകക്ഷി സംഘർഷം രൂക്ഷമായിരിക്കേ ലഭിച്ച അന്താരാഷ്ട്ര വേദി ഉപയോഗപ്പെടുത്താതെ ചർച്ചയോട് മുഖം തിരിക്കുന്ന പതിവ് നയവുമായി അമേരിക്ക. റഷ്യ, ചൈന വിദേശ മന്ത്രിമാരുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഉസ്ബക്കിസ്ഥാനിൽനിന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും മുമ്പായിരുന്നു ബ്ലിങ്കന്റെ പ്രഖ്യാപനം.
റഷ്യ–-ഉക്രയ്ൻ സംഘർഷത്തെ യോഗത്തിൽ റഷ്യക്കെതിരെ ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട റഷ്യൻ വിദേശമന്ത്രി സെർജി ലെവ്റോവ് പരമാവധി രാജ്യങ്ങളുടെ മന്ത്രിമാരുമായും അനൗദ്യോഗിക ചർച്ച നടത്തി. എസ് ജയശങ്കറുമായും ഇതുൾപ്പെടെ ബഹുമുഖ വിഷയങ്ങളിൽ ലാവ്റോവ് ചർച്ച നടത്തി. അമേരിക്കയ്ക്കൊപ്പം യൂറോപ്യൻ യൂണിയനും(ഇയു) വിഷയം ഉയർത്തിയേക്കും. സംഘർഷത്തെ സംബന്ധിച്ച തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും മന്ത്രിതല യോഗത്തിന്റെ വിജയമെന്ന് ഇയു ഫോറിൻ പോളിസി ചീഫ് ജോസപ് ബോറെൽ പറഞ്ഞു.
സംഘർഷത്തിന്റെ യഥാർഥ കാരണം പടിഞ്ഞാറൻ രാജ്യങ്ങളുടെയും അമേരിക്കൻ നിയന്ത്രിത നാറ്റോ സേനയുടെയും സാന്നിധ്യമാണെന്ന് യോഗത്തിൽ റഷ്യ ആവർത്തിക്കും. ചാര ബലൂൺ വിവാദത്തിലടക്കം ചൈനയുമായും നയതന്ത്ര സംഘർഷം തുടരുന്നതിനിടെ വേദി ഫലപ്രദമായി ഉപയോഗിക്കാനാണ് ചൈനീസ് വിദേശമന്ത്രി ചിൻ ഗ്യാങ്. ബലൂൺ വിവാദം മുൻനിർത്തി ബ്ലിങ്കൻ ചൈന സന്ദർശനം റദ്ദാക്കിയിരുന്നു. റഷ്യയുമായി തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുമെന്ന് നേരത്തെ ചൈന പ്രഖ്യാപിച്ചതും മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ 85ശതമാനവും ജി 20 രാജ്യങ്ങളുടേതാണ്.
വിട്ടുനിന്ന് ജപ്പാൻ,
ദക്ഷിണ കൊറിയ മന്ത്രിമാർ
സെപ്തംബറിലെ ജി–-20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന രണ്ടുദിവസത്തെ വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിൽ തുടക്കമായി. റഷ്യ– -ഉക്രയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രസ്താവന ഇറക്കുന്നതിൽ ശനിയാഴ്ച സമാപിച്ച ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗം പരാജയപ്പെട്ടതോടെ വിദേശമന്ത്രിമാരുടെ യോഗം ഇന്ത്യയുടെ നയതന്ത്ര പാടവത്തിനുള്ള അഗ്നിപരീക്ഷയാകുമെന്നാണ് വിലയിരുത്തൽ. റഷ്യൻ വിദേശമന്ത്രി സെർജി ലെവ്റോവ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ബ്രിട്ടീഷ് വിദേശമന്ത്രി ജയിംസ് ക്ലെവർലി, പുതുതായി നിയമിക്കപ്പെട്ട ചൈന വിദേശമന്ത്രി ചിന് ഗ്യാങ്, യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസെപ് ബോറെൽ, ബ്രസീൽ വിദേശമന്ത്രി മൗറോ വിയേര, ഓസ്ട്രേലിയൻ വിദേശമന്ത്രി പെന്നി വോങ് തുടങ്ങിയവര് ഡൽഹിയിലെത്തി.
എന്നാൽ, ജപ്പാൻ, ദക്ഷിണ കൊറിയ വിദേശമന്ത്രിമാർ ‘പാർലമെന്ററി ജോലി’ ഉള്ളതിനാൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. ഇന്ത്യയുടെ ‘അടുത്ത സുഹൃത്തുക്കളായ’ ഇരു രാജ്യത്തിന്റെയും മന്ത്രിമാർ വിട്ടുനിൽക്കുന്നത് കല്ലുകടിയായി. ജപ്പാൻ ഡെപ്യൂട്ടി വിദേശമന്ത്രി കെഞ്ചി യമദയാകിനെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയുടെ വിദേശമന്ത്രി പാർക്ക് ജിന്നിനു പകരം ജൂനിയർ മന്ത്രിയാകും എത്തുക. ചൈനീസ് വിദേശമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കാത്തതാണ് ജിൻ വിട്ടുനിൽക്കാൻ കാരണമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.