ന്യൂഡൽഹി
ജനങ്ങളുടെ ജീവിതദുരിതം കൂടുതൽ വർധിപ്പിക്കുന്ന പാചകവാതക വിലവർധന ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് വീണ്ടും 50 രൂപ കൂട്ടിയത് ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളുടെ വില അനുദിനം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കുമേൽ അധിക ഭാരമാകും.
സബ്സിഡി സിലിണ്ടറുകളുടെ വില ജനങ്ങൾക്ക് താങ്ങാൻ കഴിയാതായി. ഉജ്വല യോജന പദ്ധതിയിൽ ഉൾപ്പെടുന്നവരിൽ 10 ശതമാനം പേർ കഴിഞ്ഞവർഷം ഒറ്റ സിലിണ്ടർപോലും എടുത്തിട്ടില്ല. 12 ശതമാനത്തോളം പേർ ഒരു സിലിണ്ടർ മാത്രമാണ് എടുത്തത്. കുടുംബത്തിന് പ്രതിവർഷം ചുരുങ്ങിയത് ഏഴ് സിലിണ്ടറെങ്കിലും ആവശ്യമാണെന്നിരിക്കെ 56.5 ശതമാനം പേർ നാലിൽ താഴെ സിലിണ്ടർ മാത്രമാണ് എടുത്തത്; വർഷം 12 സിലിണ്ടർ എടുക്കാൻ കഴിയുമെന്നിരിക്കെയാണ് ഇത്. വാണിജ്യ സിലിണ്ടറിന്റെ വില ഇക്കൊല്ലം രണ്ടാം തവണയും കൂട്ടി. സിലിണ്ടറിന് 350.5 രൂപ വില വർധിപ്പിച്ചതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 2119.5 രൂപയായി. പാചകം ചെയ്ത എല്ലാ സാധനങ്ങളുടെയും വില ഉയരാൻ ഇത് കാരണമാകും. തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവ രാജ്യത്ത് രൂക്ഷമായിരിക്കുമ്പോൾ ക്രൂരമായി വിലവർധിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.