ന്യൂഡൽഹി
കേന്ദ്ര–- സംസ്ഥാന ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യമെടുക്കാതെ കോൺഗ്രസ് കേന്ദ്ര നേതൃത്വം. റായ്പുരിൽ ചേർന്ന കോൺഗ്രസ് പ്ലീനറി അംഗീകരിച്ച പ്രമേയങ്ങളിലൊന്നും പഴയ പെൻഷൻ പദ്ധതി പരാമർശിക്കുന്നില്ല.
വാജ്പേയി സർക്കാരാണ് 2003ല് കേന്ദ്ര ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ അധികാരത്തിലെത്തിയ യുപിഎ സർക്കാർ പദ്ധതി തീവ്രമായി നടപ്പാക്കി, സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കോൺഗ്രസും ബിജെപിയും പങ്കാളിത്ത പെൻഷനായി വാദിച്ചപ്പോൾ ഇടതുപക്ഷംമാത്രമാണ് പഴയ പെൻഷൻ പദ്ധതിക്കുവേണ്ടി നിലകൊണ്ടത്. പഴയ പെൻഷൻ പദ്ധതി കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക ബാധ്യതയാണെന്ന നിലപാടാണ് ബിജെപിയും കോൺഗ്രസും ഒരേപോലെ സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജയിക്കാൻ സമീപകാലത്ത് കോൺഗ്രസ് പല സംസ്ഥാനങ്ങളിലും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകുന്നുണ്ട്. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽ എന്നീ കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിൽ പഴയ പദ്ധതി പുനഃസ്ഥാപിച്ചു. എന്നാൽ, പങ്കാളിത്ത പെൻഷൻ പ്രകാരം പിഎഫ്ആർഡിഎയിലേക്ക് വിഹിതമായി അടച്ച തുക തിരികെ നൽകണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. രാജസ്ഥാന് 39,000 കോടിയും ഛത്തീസ്ഗഢിന് 17,240 കോടിയും ഹിമാചലിന് 7500 കോടിയുമാണ് കിട്ടേണ്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേശകനായിരുന്ന മൊണ്ടേക് സിങ് അലുവാലിയയെപ്പോലുള്ളവർ വിഡ്ഢിത്തമെന്നാണ് പഴയ പെൻഷൻ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്കിനെ വിശേഷിപ്പിക്കുന്നത്.