കൊച്ചി
സംസ്ഥാനത്തിന്റെ വികസനവും ഭാവിയും ചർച്ച ചെയ്യാൻ സംരംഭക സംഘടനയായ ടൈകേരള കൊച്ചി അവന്യൂ റീജന്റിൽ”വിഷൻ കേരള’ശിബിരം സംഘടിപ്പിച്ചു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും ഐടി–-ടെലികോം വകുപ്പ് മുൻ സെക്രട്ടറി അരുണ സുന്ദരരാജനും മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ, വളർച്ചപാതയിൽ നിലനിർത്താൻ ലിംഗനീതിയും സ്ത്രീ പങ്കാളിത്തവും കൂടുതൽ മെച്ചപ്പെടുത്തുകയും അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യണമെന്ന് തോമസ് ഐസക് പറഞ്ഞു. തൊഴിൽമേഖലയിൽ സ്ത്രീപങ്കാളിത്തം, പരിസ്ഥിതിസൗഹൃദ വികസനത്തിന്റെ ആവശ്യകത, ക്രിയാത്മക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കൽ എന്നിവയാണ് കേരളം ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന മേഖലകളെന്ന് അരുണ സുന്ദരരാജൻ അഭിപ്രായപ്പെട്ടു.
ഫെഡറൽ ബാങ്ക് ചെയർമാൻ സി ബാലഗോപാൽ, വ്ലോഗറും മുൻ മാധ്യമപ്രവർത്തകനുമായ ജോ എ സ്കറിയ, സൈജിനോം റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ സാം സന്തോഷ് എന്നിവരും സംസാരിച്ചു. ടൈകേരള പ്രസിഡന്റ് അനിഷ ചെറിയാൻ, വൈസ് പ്രസിഡന്റ് ജേക്കബ് ജോയ്, ഏണസ്റ്റ് ആൻഡ് യങ് അസോസിയറ്റ് പാർട്ണർ രാജേഷ് നായർ എന്നിവർ ചർച്ചകൾ നയിച്ചു.