തിരുവനന്തപുരം
സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) തിളങ്ങി കേരള സ്റ്റാർട്ടപ്പുകൾ. തിങ്കളാഴ്ച ആരംഭിച്ച കോൺഗ്രസിൽ കേരള സ്റ്റാർട്ടപ് മിഷനു (കെഎസ്യുഎം) കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരിൽനിന്നും വ്യവസായികളിൽനിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൊബൈൽ വ്യവസായ മേഖലയിലെ പുത്തൻ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണ് എംഡബ്ല്യുസി.
റിയാഫി ടെക്നോളജീസ്, ഫിറ്റ് ഇൻ കൺസൾട്ടന്റ്സ്, ലാൻവെയർ സൊല്യൂഷൻസ്, ഗ്രീൻഡ്സ് ഗ്ലോബൽ, സാപ്പിഹയർ, ക്വിക്ക്പേ, എം2എച്ച് ഇൻഫോടെക് എൽഎൽപി, ലിൻസിസ് ഇന്നൊവേഷൻസ്, സ്മാർട്ട്മാട്രിക്സ് ഗ്ലോബൽ ടെക്നോളജീസ്, പ്രീമാജിക് എന്നീ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്ന് പങ്കെടുക്കുന്നത്.
എംഡബ്ല്യുസിയുടെ ഭാഗമായി മൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കുള്ള പ്രദർശനത്തിൽ കേരള സ്റ്റാർട്ടപ്പുകൾ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചു. സ്പെയിനിലെ വ്യവസായികളെയും നിക്ഷേപകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം കണക്ടർമാരായ ഇൻവെസ്റ്റ് ഇൻ സ്പെയിൻ, ബാഴ്സലോണ ആക്ടിവ തുടങ്ങിയവർ കേരള സ്റ്റാർട്ടപ് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ചർച്ചകളും നടന്നു. ഇരുനൂറിലധികം രാജ്യങ്ങളിൽനിന്നായി 80,000 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽനിന്ന് കെഎസ്യുഎം സ്റ്റാർട്ടപ്പുകൾ മാത്രമാണ് എംഡബ്ല്യുസിയിൽ പങ്കെടുക്കുന്നതെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു.