കൊച്ചി
എറണാകുളം ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 41––ാമത് കോറൊമാണ്ടൽ സിമന്റ് എലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം ഏജീസ് ഓഫീസ് ചാമ്പ്യന്മാരായി. തൃശൂർ ആത്രേയി ക്രിക്കറ്റ് ക്ലബ്ബിനെ 12 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫീസ് തിരുവനന്തപുരം 49.1 ഓവറിൽ 199 റൺസിന് എല്ലാവരും പുറത്തായി. മനു കൃഷ്ണൻ 92 പന്തിൽ 61 റൺസും വി സാലി 85 പന്തിൽ 43 റൺസും നേടി.
ആത്രേയിക്കുവേണ്ടി കെ പി വിവേക് 7.1 ഓവറിൽ 29 റൺസിന് അഞ്ചുവിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആത്രേയി 48.4 ഓവറിൽ 187 റൺസിന് എല്ലാവരും പുറത്തായി. ആത്രേയിയ്ക്കുവേണ്ടി മുഹമ്മദ് ഇനാൻ 77 പന്തിൽ 31 റൺസും ജോഫിൻ ജോസ് 64 പന്തിൽ 54 റൺസും നേടി. ഏജീസിനുവേണ്ടി മനു കൃഷ്ണൻ ഏഴ് ഓവറിൽ 22 റൺസിന് രണ്ടുവിക്കറ്റ് നേടി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് സമ്മാനം നൽകി. ഏജീസ് ഓഫീസിലെ മനു കൃഷ്ണൻ മാൻ ഓഫ് ദി ഫൈനൽസും ആത്രേയി ക്ലബ്ബിലെ മുഹമ്മദ് ഇനാൻ മികച്ച ഓൾറൗണ്ടറും ബികെ 55 കണ്ണൂരിലെ സൽമാൻ നിസാർ മികച്ച ബാറ്ററും ആത്രേയിയിലെ ആദിത്യ ബൈജു മികച്ച ബൗളറും എറണാകുളം ക്രിക്കറ്റ് ക്ലബ്ബിലെ പത്മേഷ് കൃഷ്ണ എമേർജിങ് പ്ലയറുമായി തെരഞ്ഞെടുക്കപ്പെട്ടു.