ലക്നൗ> മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ. യുപി ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ഇവരെ പൊലീസ് വീട്ടിൽനിന്നും അറസ്റ്റ് ചെയ്തത്. ആളുകളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു പരാതി.
എന്നാൽ ആരോപണം ശരിയല്ലെന്നും പാസ്റ്ററും ഭാര്യയും ഞായറാഴ്ച ശുശ്രൂഷ നടത്തുന്നതിനിടെ ഒരു സംഘം ഗുണ്ടകൾ എത്തി സംഘർഷം സൃഷ്ടിക്കുകയാലരുന്നുവെന്ന് ഇവരുടെ സുഹൃത്ത് മീനാക്ഷി സിംഗ് പറഞ്ഞു.
ദമ്പതികളുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീട് പണിയാൻ ഭൂമിയും ദമ്പതികൾ വാഗ്ദ്ധാനം ചെയ്തതായി പരാതിയിലുണ്ട്. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നുമുതൽ ഏഴ് വർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്.