കൊച്ചി
“അടുക്കളയിൽ ജോലിയെടുക്കുമ്പോഴാണ് വലിയ ശബ്ദവും പൊട്ടിത്തെറിയുമുണ്ടാകുന്നത്. ഒപ്പം അടുക്കളയുടെ വാതിലും ജനൽച്ചില്ലുകളും തകർന്നുവീണു. ഗ്യാസ് പൊട്ടിത്തെറിച്ചുവെന്നാണ് ആദ്യം കരുതിയത്. വീടിനുപിന്നിലേക്ക് നോക്കിയപ്പോൾ വലിയ തീയും പുകയും’ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയുടെ ആഘാതം മുട്ടിനകം കാഞ്ഞിരത്തിങ്കൽ ട്രീസയുടെ വാക്കുകളിലുണ്ട്.
ചില്ലുകൾ തെറിച്ച് ട്രീസയുടെ ദേഹത്തേക്ക് വീണു. അടുക്കള നിറയെ ചില്ലും പൊടിയും. പിറകിൽ വച്ചിരുന്ന വാഷിങ് മെഷീൻ കത്തിനശിച്ചു. മുറികളുടെ വാതിലുകളും ഭിത്തിയിലെ ചില്ലുകൊണ്ടുള്ള അലമാരകളും തകർന്നു. വാതിലുകൾ പലതും രണ്ടായി പിളരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. കുറച്ചുകഴിഞ്ഞാണ് പൊട്ടിത്തെറിയുണ്ടായത് പടക്കം സൂക്ഷിച്ചയിടത്താണെന്ന് മനസ്സിലായത്. പരിസരമാകെ വെടിമരുന്നിന്റെ മണവും പുകയും നിറഞ്ഞു. ഉടൻ നാട്ടുകാരെല്ലാവരും അങ്ങോട്ടേക്ക് ഓടിച്ചെല്ലുകയായിരുന്നു–- ട്രീസ പറഞ്ഞു.
ഭർത്താവ് ഫ്രാൻസിസ് വീടിനുമുകളിൽ ചെടി നനയ്ക്കുകയായിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസമായെന്ന് കുടുംബം പറഞ്ഞു. പരിസരത്തെ എല്ലാ വീട്ടിലും ജനൽചില്ലുകളും വാതിലുകളും തകർന്നനിലയിലാണ്. പടക്കനിർമാണശാലയോടുചേർന്നുള്ള വീടുകളുടെ ഭിത്തികളും മതിലുകളും തകർന്നു.
വരാപ്പുഴ മുട്ടിനകത്ത് പടക്കശാല പൊട്ടിത്തെറിച്ച് തകർന്നസ്ഥലത്ത് അഗ്നി രക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു ഫോട്ടോ: മനു വിശ്വനാഥ്