തിരുവനന്തപുരം
ഇഡിക്കായി വാദിക്കാൻ കേരളത്തിലെ കോൺഗ്രസിനുമാത്രമേ കഴിയൂവെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. കോൺഗ്രസ് പ്ലീനറി സമ്മേളനം തകർക്കാൻ വരെ ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ചുവെന്ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതേ ഇഡിയുടെ റിമാൻഡ് റിപ്പോർട്ട് വേദവാക്യമായി കാണുകയാണ് കേരളത്തിലെ കോൺഗ്രസ്. ഇതിന് അസാമാന്യധൈര്യവും ചങ്കൂറ്റവും വേണമെന്നും മന്ത്രി പരിഹസിച്ചു.നിയമസഭയിൽ ലൈഫ് മിഷനിൽ അഴിമതി ആരോപിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇഡിക്കൊപ്പം തങ്ങൾ ഏതറ്റംവരെയും പോകും എന്നു പറയുന്നതിലൂടെ കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം വ്യക്തമാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ഏറ്റവും തരംതാണ നിലയിൽ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുന്നുവെന്നാണ് റായ്പുർ പ്ലീനറി സമ്മേളനത്തിന്റെ പ്രമേയം. സ്വന്തം പാർടിയുടെ രാഷ്ട്രീയ പ്രമേയത്തിലെങ്കിലും ഉറച്ചുനിൽക്കാൻ ഇവിടത്തെ കോൺഗ്രസിനാകണം.
മോദി അധികാരത്തിലേറിയ 2014 മുതൽ ഇഡി 127 രാഷ്ട്രീയനേതാക്കളെ ചോദ്യം ചെയ്തു. ഇതിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പി ചിദംബരവുമൊക്കെ ഉൾപ്പെടുന്നു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇഡിക്കെതിരെ ഡൽഹിയിൽ സമരം ചെയ്തവർതന്നെ, കേരളത്തിൽവന്ന് ഇഡിക്കായി വാദിക്കുന്ന അസാമാന്യ വൈഭവത്തെ നമിക്കുകമാത്രമേ മാർഗമുള്ളൂവെന്നും എം ബി രാജേഷ് പറഞ്ഞു.
ലൈഫ് മിഷനെതിരെ
ആക്ഷേപമൊന്നുമില്ല
ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി ആരും ആരോപണം ഉയർത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലൈഫ് മിഷൻ പ്രോജക്ടുകളിൽ എന്തെങ്കിലും അഴിമതി നടന്നതായും ആരോപണവുമില്ല. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ നിർമാണ നിബന്ധനകൾക്ക് അനുസൃതമായി സർക്കാർ ഭൂമിയിൽ അർഹതപ്പെട്ടവർക്ക് തങ്ങളുടെ ചെലവിൽ വീടുവച്ച് നൽകാമെന്ന റെഡ് ക്രസന്റ് വാഗ്ദാനം സ്വീകരിക്കുകയായിരുന്നു. റെഡ് ക്രസന്റും കരാറുകാരുമായുള്ള ഇടപാടുകളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടെങ്കിൽ, അതിന് ലൈഫ് മിഷനോ സംസ്ഥാന സർക്കാരോ ഒരു വിധത്തിലും ഉത്തരവാദികളാകുന്നില്ല. ഏതെങ്കിലും പൊതുസേവകൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കാനാണ് വിജിലൻസ് അന്വേഷണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ലൈഫ് മിഷൻ ചില്ലിക്കാശ് വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. രാഷ്ട്രീയ നേതൃത്വത്തെ ഈ ആരോപണവുമായി ഒരു കാരണവശാലും ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി അടിവരയിട്ടു പറഞ്ഞു. സിബിഐ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലൈഫ് മിഷന്റെ അപ്പീൽ സുപ്രീംകോടതി പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.