പൊന്നാനി
എണ്ണിയാൽതീരാത്ത സങ്കടങ്ങളുടെ വേലിയേറ്റം ഒടുങ്ങി. ദുരിതങ്ങളുടെ തിരയടി ഇല്ലാതായി. ഹൃദയത്തിൽ നങ്കൂരമിട്ട സന്തോഷവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ജാഥാ നായകന് അരികെനിന്നു. ജീവിതം സുരക്ഷിതമായതിൻ നിറവിൽ പത്തേമാരിയുടെ ചെറുരൂപം ഉപഹാരമായി നൽകി. തീരജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതക്ക് കടപ്പാടിന്റെ ചാകര.
‘പുനർഗേഹം’ പദ്ധതിയിൽ പാർപ്പിടം ലഭിച്ച മുപ്പതിലേറെ കുടുംബങ്ങളാണ് പൊന്നാനിയിലെ വേദിയിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ കാണാനെത്തിയത്. പൊന്നാനി ഹാർബറിലെ മത്സ്യത്തൊഴിലാളി ഫ്ലാറ്റിൽ താമസിക്കുന്നവരാണിവർ. 128 കുടുംബങ്ങളാണ് കടലിനെ ഭയക്കാതെ ഈ ഫ്ലാറ്റുകളിൽ കഴിയുന്നത്. കടലിലായതിനാൽ സ്വീകരണത്തിനെത്താൻ കഴിയാത്തവരുമേറെ.
മൊയ്തീൻബാവയും ഫൈസലും മറിയക്കുട്ടിയും സാജിതയും അഭയമേകിയ പ്രസ്ഥാനത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. ‘‘കാലവർഷത്തിലെ കടലിരമ്പം കേൾക്കുമ്പോൾ വീട്ടിൽനിന്ന് ഭയപ്പാടോടെ പുറത്തേക്കോടും. ഉറക്കമില്ലാത്ത രാത്രികൾ. അതെല്ലാം ഓർമയായി. ഇപ്പോൾ കടലിനെ പേടിക്കാതെ ഉറങ്ങാം’’–-തണ്ണീർകുടിയൻ മൊയ്തീൻബാവ പറഞ്ഞു. വാടകവീട്ടിൽനിന്ന് മോചിതരായ ആഹ്ലാദമായിരുന്നു തേങ്ങാടത്തിന്റെ ഫൈസലിനും ഭാര്യ ഫാരിഷക്കും. ‘‘സർക്കാർ നൽകിയ സഹായം മറക്കാനാവില്ല’’–- അവരുടെ വാക്കുകൾ. എന്നും കൂടെയുണ്ടാവുമെന്നും മത്സ്യമേഖലക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പന്ത്രണ്ടുകോടി ചെലവിൽ 128 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ലാറ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്. 100 കുടുംബങ്ങൾക്കുകൂടി താമസിക്കാവുന്ന ഭവനസമുച്ചയം പ്രവൃത്തി മാർച്ചിൽ ആരംഭിക്കും–- 14 കോടി ചെലവിലാണിത്. തിരുവനന്തപുരം വലിയതുറയിൽ നിർമിച്ച രീതിയിലാണ് രൂപരേഖ. മലിനജലപ്രശ്നത്തിന് പരിഹാരമായി ഒന്നര കോടി ചെലവിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം തുടങ്ങി.