മലപ്പുറം> ‘1993ൽ വ്യവസായം തുടങ്ങിയതാണ്. പല സർക്കാരുകൾ മാറിവന്നിട്ടും ആവശ്യമായ പിന്തുണ കിട്ടിയില്ല. ഇപ്പോൾ അങ്ങനെയല്ല. വ്യവസായ വകുപ്പിന്റെ സമീപനംതന്നെ മാറി.’’–- മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ വി അൻവറിന്റെ വാക്കുകൾ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ചേർന്ന പൗരപ്രമുഖരുടെ യോഗത്തിലാണ് അൻവർ തൊട്ടറിഞ്ഞ മാറ്റം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ കൈപിടിച്ച് ജില്ല സാധ്യമാക്കിയ കുതിപ്പും പുതിയ കാഴ്ചപ്പാടും പങ്കിട്ട് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനുമായി സംവദിക്കാൻ നിരവധി പേരെത്തി. ‘‘സംരംഭകവർഷത്തിലെ സർക്കാർ നടപടി ജില്ലയെ വ്യവസായ സൗഹൃദമാക്കി. ഉദ്യോഗസ്ഥ സമീപനം മാറി. ചെറുകിട സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഇനിയുമുണ്ട്. നിയമങ്ങൾ കൊണ്ടുവന്നെങ്കിലും അവയിൽ ചിലത് പ്രാവർത്തികമാകുന്നില്ല’’–- ചെറുകിട വ്യാപാരി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജുനൈദ് പറഞ്ഞു.’ ഒറ്റത്തവണ നികുതിയിലെ പ്രശ്നങ്ങൾ, ജിഎസ്ടി വിഷയം, കരിപ്പൂർ വിമാനത്താവളത്തിലേക്ക് കോറിഡോർ, നിലമ്പൂർ–- ഫറോക്ക് റെയിൽപ്പാത എന്നിവ ചർച്ചയായി.
വജ്രജൂബിലി ഫെലോഷിപ്പ് യുവകലാകാരൻമാർക്ക് നിരവധി അവസരം നൽകുന്നതാണെന്ന് സോപാന സംഗീതജ്ഞ ഗിരിജ പറഞ്ഞു. അച്ചടിക്കും രൂപകൽപ്പനയ്ക്കുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പുനഃസ്ഥാപിക്കണമെന്ന് കവി മണമ്പൂർ രാജൻബാബുവും കലാ മേഖലയിൽ ഫാസിസം പിടിമുറുക്കുന്നത് തടയണമെന്ന് നർത്തകി വി പി മൻസിയയും അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി, മെഡിക്കൽ കോളേജ് വികസനം, ആശുപത്രികൾക്കുനേരെയുള്ള ആക്രമണം തടയൽ, നഴ്സിങ് കോഴ്സുകൾ തുടങ്ങൽ… നാനാ മേഖലയെയും സ്പർശിച്ചു സംവാദം.
വ്യവസായ സൗഹൃദ ജില്ലയെ എല്ലാവരും സ്വാഗതംചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിന് 50 ഏക്കർ ഭൂമി ലഭിക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി മുസ്തഫ കോഡൂർ, ജില്ലാ സെക്രട്ടറി ബഷീർ, ജമാൽ കരുളായി, ഫുട്ബോൾ താരം അനസ് എടത്തൊടിക, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, ഇ എം എസ് ആശുപത്രി ചെയർമാൻ ഡോ. മുഹമ്മദ്, വൈസ് ചെയർമാൻ ഡോ. സീതി, പി ഉണ്ണീൻ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വി ശശികുമാർ ചർച്ച നിയന്ത്രിച്ചു.