തിരുവനന്തപുരം> ഗവർണറുടെ ഇടപെടലിനെത്തുടർന്ന് പ്രതിസന്ധിയിലായ സാങ്കേതിക സർവകലാശാലയിലെ ഭരണനടപടികൾ സുതാര്യമാക്കാൻ സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനങ്ങൾ ചാൻസലർ കൂടിയായ ആരിഫ് മൊഹമ്മദ് ഖാൻ റദ്ദാക്കി. സർവകലാശാല നടത്തിപ്പിൽ സഹായിക്കാൻ സിൻഡിക്കറ്റ് ഉപസമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പാലിക്കുക, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി തടയുക തുടങ്ങി തീരുമാനങ്ങളാണ് റദ്ദാക്കിയത്. ചാൻസലർ സർവകലാശാലയോട് വിശദീകരണം ചോദിക്കുകയോ സർക്കാരുമായി കൂടിയാലോചിക്കുകയോ ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് നടപടി.
ഇടക്കാല വിസി ഡോ. സിസ തോമസ് ഒരുമാസത്തിലധികമായി പിടിച്ചുവച്ചിരുന്ന റിപ്പോർട്ടുകളിലാണ് ഗവർണറുടെ നടപടി. വിസിയുടെ അധ്യക്ഷതയിൽ സിൻഡിക്കറ്റ് ജനുവരി ഒന്നിനും ബോർഡ് ഓഫ് ഗവർണേഴ്സ് 17നും എടുത്ത തീരുമാനങ്ങളാണിവ.
വിശദീകരണം തേടാതെയാണ് ഗവർണറുടെ നടപടിയെന്ന് സിൻഡിക്കറ്റ് വ്യക്തമാക്കി. സർവകലാശാല നിയമത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥരോ ഭരണസമിതികളോ തീരുമാനങ്ങളെടുത്താൽ സർവകലാശാല നിയമത്തിലെ 10 (3) വകുപ്പ് പ്രകാരം ഗവർണർക്ക് അത് റദ്ദാക്കാം.
പക്ഷേ, അത് വിശദീകരണം ചോദിച്ചതിനും സർക്കാരുമായി കൂടിയാലോചിച്ചതിനും ശേഷമാകണം എന്നാണ് നിയമത്തിലുള്ളത്. ഭരണസംബന്ധമായ വിഷയങ്ങളിൽ നിയമപ്രകാരമുള്ള തീരുമാനങ്ങളാണ് സിൻഡിക്കറ്റ് എടുത്തിട്ടുള്ളത്.
കെടിയു ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ ഗവർണർ ചട്ടവിരുദ്ധമായാണ് നിയമിച്ചതെന്ന്കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരിന്നു. അതിനുപിന്നാലെയാണ് വീണ്ടും ചട്ടലംഘനം.