തിരുവനന്തപുരം> കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കൂടുതൽ നിറം നൽകി കിഫ്ബി 5681.98 കോടി രൂപയുടെ പുതിയ പദ്ധതികൾകൂടി ഏറ്റെടുക്കും. തിങ്കളാഴ്ച ചേർന്ന കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി ) യോഗം 64 പദ്ധതിക്കുകൂടി ധനാനുമതി നൽകി. ഇതോടെ 80,352 കോടി രൂപയുടെ 1057 പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അധ്യക്ഷനായി. റോഡുവികസനത്തിന് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ മരാമത്ത് വകുപ്പിന്റെ 36പദ്ധതിക്കുകൂടി അംഗീകാരമായി. 3414.16 കോടിയാണ് അടങ്കൽ. കോസ്റ്റൽ ഷിപ്പിങ് വകുപ്പിനു കീഴിൽ കൊച്ചി സംയോജിത ജലഗതാഗത പദ്ധതിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സ്വിവറേജ് പ്ലാന്റിന് 341.97 കോടി രൂപയും അനുവദിച്ചു.
ആരോഗ്യവകുപ്പിന്റെ എട്ടു പദ്ധതിക്ക് 605.49 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഒമ്പതു പദ്ധതിക്ക് 600.48 കോടിയുമുണ്ട്. 467.32 കോടിയിൽ ജലവിഭവ വകുപ്പിന്റെ മൂന്നു പദ്ധതി അംഗീകരിച്ചു. തദ്ദേശഭരണ വകുപ്പിന്റെ 42.04 കോടി അടങ്കലിലെ രണ്ടു പദ്ധതിയിൽ തൃശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്മശാനങ്ങളും ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ബ്ലെസൺ ജോർജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടിയുണ്ട്. എട്ട് സ്കൂളിന്റെ നവീകരണത്തിന് 31.11 കോടിയും മൃഗസംരക്ഷണ വകുപ്പിന്റെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമാണത്തിനായി 10.24 കോടിയും നീക്കിവച്ചു.
പ്രതിസന്ധികളില്ല
കിഫ്ബി പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിന് സർക്കാരിന്റെ എല്ലാ സഹായവും തുടരുകയാണെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബി ആക്ട് പ്രകാരം ലഭ്യമാക്കേണ്ട തുക മുടങ്ങില്ലെന്ന് ഉറപ്പാക്കി. കിഫ്ബിക്കായി വിപണിയിൽനിന്ന് ഫണ്ട് കണ്ടെത്തുന്നതിനു പ്രതിസന്ധിയില്ല. ഇതിന്റെ വായ്പയും സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതുമൂലം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ഇത് ഗൗരവമായ സ്ഥിതിവിശേഷമാണ്. സംസ്ഥാന സർക്കാർ ലക്ഷ്യം വച്ചിട്ടുള്ള മറ്റ് വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും ഇവ പ്രതികൂലമായി ബാധിക്കുന്നുവെന്നത് വസ്തുതയാണെന്നും ധനമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം പങ്കെടുത്തു.
അംഗീകാരമായ പ്രധാന പദ്ധതികൾ
• തൃശൂർ മെഡിക്കൽ കോളേജിലെ വനിതാശിശു ബ്ലോക്കിന് 279.19 കോടി
• കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി പാക്കേജിലെ മുന്നു റോഡിന് സ്ഥലമെടുപ്പിന് 1979.47 കോടി
• പിണറായി വിദ്യാഭ്യാസ സമുച്ചയത്തിന് 232.05 കോടി • വിളപ്പിൽശാലയിൽ ത്രസ്റ്റ് റിസർച്ച് പാർക്കിന് 50 ഏക്കർ ഏറ്റെടുക്കാൻ 203.93 കോടി
• മട്ടന്നൂർ– -ഇരിട്ടി, കൊയിലാണ്ടി, താനൂർ മുനിസിപ്പാലിറ്റികൾക്കായി മുന്നു കുടിവെള്ള പദ്ധതി വിതരണ ശൃംഖലയ്ക്ക് 467.32 കോടി
• മലയോര ഹൈവേയിൽ ഒമ്പതു പദ്ധതിക്ക് 582.82 കോടി
• തീരദേശ ഹൈവേയിൽ നാലുപദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ 139.90 കോടി
• ആലുവ-–- പെരുമ്പാവൂർ റോഡ് സ്ഥലമേറ്റെടുപ്പിന് 262.75 കോടി
• അഞ്ച് ജങ്ഷൻ വികസനത്തിന് സ്ഥലമേറ്റെടുപ്പിന് 20.55 കോടി
• കൊടിനട-–- വഴിമുക്ക് റോഡ് (ബാലരാമപുരം അടിപ്പാത ഉൾപ്പെടെ) സ്ഥലമേറ്റെടുപ്പിന് 113.90 കോടി
• കൊട്ടാരക്കര ബൈപാസ് സ്ഥലമേറ്റെടുപ്പിന് 110.36 കോടി
• കോവളം ബീച്ച് പദ്ധതിക്ക് 89.09 കോടി • മണക്കാട്-–- ആറ്റുകാൽ ക്ഷേത്രം റോഡ് സ്ഥലമേറ്റെടുപ്പിന് 52.99 കോടി
• ഉന്നത വിദ്യാഭ്യാസവകുപ്പിന് മുന്നു ഹോസ്റ്റലിന് 76.94 കോടി • പേരാമ്പ്ര, പത്തനാപുരം, കുന്നംകുളം, കൊണ്ടോട്ടി, കോതമംഗലം താലൂക്കാശുപത്രി നവീകരണത്തിന് 271.85 കോടി
• തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇമേജോളജി വകുപ്പ് വികസനത്തിനായി 43.75 കോടി.
• ഹരിപ്പാട്, അടൂർ, കോതമംഗലം മുനിസിപ്പാലിറ്റികളിലും ഏഴോം, കല്യാശ്ശേരി, മൂത്തേടം, പനങ്ങാട്, പഴയന്നൂർ, തരിയോട്, തുവ്വൂർ, വള്ളത്തോൾ നഗർ, വഴിക്കടവ് പഞ്ചായത്തുകളിലും ആധുനിക ശ്മശാന നിർമാണത്തിന് 28.21 കോടി