മലപ്പുറം> ഏലൂരിലെ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (ഹിൽ ഇന്ത്യ) അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാഷ്ട്രീയ വിവേചനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ തീരുമാനത്തിൽ ജനകീയ പ്രതിരോധജാഥ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന പഞ്ചാബിലെയും കേരളത്തിലെയും യൂണിറ്റുകളാണ് പൂട്ടാൻ തീരുമാനിച്ചത്. എന്നാൽ ബിജെപിയും സഖ്യകക്ഷിയും ഭരിക്കുന്ന മഹാരാഷ്ട്രയിലെ യൂണിറ്റ് നിലനിർത്താനാണ് നിർദേശം. ഈ കേന്ദ്രനീക്കത്തിൽ സംസ്ഥാനത്തെ കോൺഗ്രസും യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണം.
റായ്പുരിലെ പ്ലീനറി സമ്മേളനം അംഗീകരിച്ച സാമ്പത്തികപ്രമേയത്തിൽ പൊതുമേഖലാ വിൽപ്പനവേണ്ടെന്ന് പറയുന്നില്ല. നഷ്ടത്തിലായ, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാമെന്നാണ് പറയുന്നത്. കേന്ദ്രം സ്വകാര്യമേഖലക്ക് കൈമാറാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റും കാസർകോട്ടെ ഭെൽ ഇഎംഎല്ലും കേരള സർക്കാർ ഏറ്റെടുത്തു.
ഇരു സ്ഥാപനങ്ങളും നല്ല ലാഭത്തിലേക്ക് നീങ്ങുകയുമാണ്. വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് 12 ദിനപത്രങ്ങൾക്ക് പേപ്പർ നൽകി തുടങ്ങി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ അവസാനംവരെ കേരള സർക്കാർ പൊരുതി. കേന്ദ്രത്തിന്റെ വഴിവിട്ട ഇടപെടലാണ് അദാനിക്ക് ഗുണമായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.