തിരുവനന്തപുരം-> കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നൽകേണ്ട സഹായം തടഞ്ഞുവച്ചും വെട്ടിക്കുറച്ചും ദ്രോഹനടപടികൾ തുടരുന്നതിനാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പെൻഷനുകളുടെ വിതരണം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
2022 നവംബർവരെയുള്ള പെൻഷൻ വിതരണംചെയ്തിട്ടുണ്ട്. നവംബറിലെ പെൻഷന് 879.06 കോടി രൂപ അനുവദിച്ചിരുന്നു. ക്ഷേമപെൻഷൻ വിതരണത്തിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ പ്രവർത്തിക്കുന്നു. ഈ കമ്പനിയുടെ താൽക്കാലിക കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്രനിലപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പരമാവധി സമയത്തുതന്നെ ക്ഷേമപെൻഷനുകൾ അർഹരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം ചെയ്യുകയാണ്.
നടപ്പുവർഷം ജിഎസ്ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. 26,000 കോടിയാണ് അധികമായി പിരിച്ചെടുത്തത്. മുൻവർഷത്തെ അപേക്ഷിച്ച് 30ശതമാനത്തിന്റെ വർധനയാണിത്. ജിഎസ്ടി കുടിശ്ശികയിനത്തിൽ കേന്ദ്രം നൽകേണ്ട 750 കോടി കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയശേഷം സംസ്ഥാന നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധന നേടാനായില്ല.
നടപ്പാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് 14 ശതമാനം വാർഷിക നികുതി വളർച്ചയാണ്. നികുതിയിൽ വരുത്തിയ വ്യത്യാസങ്ങളും സംസ്ഥാനം അഭിമുഖീകരിച്ച തുടർച്ചയായ പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.