തിരുവനന്തപുരം > സംസ്ഥാനത്താകെ അരങ്ങേറിയ ചാവേറ് നാടകംപൊളിഞ്ഞതോടെ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷത്തിന്റെ സമരാഭാസം. ബജറ്റിലെ അധിക വിഭവസമാഹരണ നിർദേശങ്ങൾക്കെതിരെ ആരംഭിച്ച സമരം ജനംതള്ളിയതിന്റെ മോഹഭംഗമാണ് തിങ്കളാഴ്ച പ്രതിപക്ഷ നിരയിൽ പ്രകടമായത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്കുനേരെ കരിങ്കൊടി കാട്ടാനുള്ള ശ്രമങ്ങളെ അണികളും കൈയൊഴിഞ്ഞതോടെയാണ് നിയമസഭയെ ബഹളത്തിൽമുക്കൽ ആരംഭിച്ചത്.
സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ സമരം പ്രവർത്തകർതന്നെ തള്ളിയിരുന്നു. പ്രതിഷേധ കേന്ദ്രങ്ങളിൽ ആളെ കിട്ടാതായതോടെ ഒന്നും രണ്ടുംപേർ ചേർന്നുള്ള ‘ഷോ’കൾക്കായി ശ്രമം. കേന്ദ്ര– -സംസ്ഥാന സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി നിർദേശപ്രകാരം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുമുന്നിൽ ചാടിവീഴാനുള്ള ശ്രമങ്ങളുമുണ്ടായി. ആലുവയിൽ ബൈക്കിലെത്തിയ ആളുടെ പിന്നിലിരുന്ന ആൾ കരിങ്കൊടി ഉയർത്തിക്കാട്ടുന്ന നിലയിലേക്ക് സമരാഭാസം വളർന്നു. സംസ്ഥാനത്താകെ പൊലീസ് ഇടപെടലിൽ ഈ ശ്രമങ്ങളെല്ലാം ചീറ്റി.
തിങ്കളാഴ്ച അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നൽകി സംസാരിച്ച യുത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ചാവേറുകളെ ന്യായീകരിക്കാനും ഇവരെ സമർഥമായി തടയുന്ന പൊലീസിനെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചു. നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സമരം ജനം തള്ളിയത് ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ കഴിഞ്ഞാൽ കുടൂതൽ ശേഷിയുള്ള സംഘടനയായിട്ടും സമരത്തിന് ആളിനെ കിട്ടാത്തതിന്റെ കാരണവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചാവേറുകളെ ഉപയോഗിച്ച് രക്തസാക്ഷി സൃഷ്ടിയായിരുന്നു യൂത്ത് കോൺഗ്രസ് ലക്ഷ്യമെന്നതും തുറന്നുകാട്ടി.
‘വാഹനവ്യൂഹത്തിനു മുന്നിൽ മൂന്നോനാലോ പേർ എടുത്തുചാടാൻ തയ്യാറാകുമ്പോൾ അവർ ഒരുപക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നില്ല. പക്ഷേ, അവരെ അതിന് തയ്യാറാക്കുന്നവർക്ക് പ്രത്യാഘാതങ്ങൾ നന്നായി അറിയാം. അവർ ഉദ്ദേശിച്ചത് നടക്കാതെ പോകുമ്പോഴുള്ള മോഹഭംഗമാണ് വർത്തമാനങ്ങളിൽനിന്ന് കാണാൻ കഴിയുന്നത്’– -മുഖ്യമന്ത്രി വ്യക്തത വരുത്തി.
പ്രതിപക്ഷ നേതാവിന്റെ ഇറങ്ങിപ്പോക്ക് പ്രസംഗത്തിനിടെ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസ് മറച്ച് ബഹളം തുടങ്ങി. ഇരുപത്തഞ്ച് മിനിറ്റോളം സ്പീക്കർ സഭ നിർത്തിവച്ചു. പിന്നീട് നടപടികൾ പുനരാരംഭിച്ചപ്പോഴും ബഹളം തുടർന്നതിനാൽ നടപടികൾ പൂർത്തിയാക്കി സഭ ചൊവ്വാഴ്ച ചേരാൻ പിരിഞ്ഞു.