തിരൂർ> ഒരാഴ്ചമുമ്പാണ് ഹരിയാനയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ വാഹനത്തിലിട്ട് തീകൊളുത്തിയത്. പശുക്കടത്ത് ആരോപിച്ചായിരുന്നു കൊലപാതകം. വെറുപ്പിന്റെ രാഷ്ട്രീയം മനുഷ്യനെ ചുട്ടുകൊല്ലുമ്പോൾ പ്രധാന പ്രതിപക്ഷമെന്ന് പറയുന്നവർ മൗനത്തിലാണ്. രാജ്യം പൊള്ളിപ്പിടയുമ്പോൾ കേരളം ആശ്വാസത്തുരുത്താണ്. ഇവിടെ പ്രതിരോധത്തിന്റെ ചുവന്ന കോട്ടയിൽ സുരക്ഷിതരാണെന്ന് ഉറപ്പിക്കുന്നു ആബാലവൃദ്ധം.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥാ സ്വീകരണകേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ് ന്യൂനപക്ഷങ്ങൾ. പൗരത്വം ചോദ്യംചെയ്യപ്പെട്ടപ്പോൾ കരുതലോടെ ചേർത്തുപിടിച്ച പ്രസ്ഥാനത്തെ അവർ തിരിച്ചറിയുന്നു.
മുമ്പെങ്ങും ഇല്ലാത്തവിധം ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾ കൂട്ടത്തോടെ ജാഥാകേന്ദ്രത്തിലേക്ക് എത്തുന്ന കാഴ്ചയാണ് മലപ്പുറം ജില്ലയിൽ. ഞായറാഴ്ച കൊണ്ടോട്ടിയിലും മലപ്പുറത്തും കണ്ട സ്ത്രീ പങ്കാളിത്തം തിങ്കളാഴ്ച ഓരോ സ്വീകരണകേന്ദ്രങ്ങൾ കഴിയുംതോറും വർധിച്ചു. ചെങ്കൊടി കൈകളിലേന്തിയ വനിതാമുന്നേറ്റം നവകാഹളമായി.
തിങ്കളാഴ്ച വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. മുസ്ലിംലീഗ് തട്ടകം എന്ന് അഹങ്കരിക്കുന്നിടത്ത് ആയിരങ്ങളാണ് ജാഥയെ എതിരേറ്റത്. സ്വീകരണകേന്ദ്രം നിറഞ്ഞ് ജനം റോഡിലേക്ക് നീങ്ങി. രണ്ടാമത്തെ കേന്ദ്രമായ വള്ളിക്കുന്നിലെ അത്താണിക്കലിൽ ജനസാഗരം. ചുവന്ന മണ്ണിലേക്ക് സ്വാഗതമെന്ന് ചെറുപ്പക്കാർ മുദ്രാവാക്യം വിളിച്ചു. ‘‘പൂർണമായി ചുവന്നുവെന്ന് പറയാൻ കഴിയില്ല, പക്ഷേ മലപ്പുറത്ത് ചുവപ്പ് പടരുകയാണ്–- മാറ്റത്തെ അടയാളപ്പെടുത്തി ജാഥാ ക്യാപ്റ്റന്റെ വാക്കുകൾ.
ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ മൂന്നാമത്തെ കേന്ദ്രമായ തിരൂരങ്ങാടിയിലും ജനസാഗരം. തീരദേശ ജനവിഭാഗങ്ങൾക്കിടയിൽ പാർടിക്കുള്ള സ്വാധീനം വിളിച്ചോതുന്നതായി താനൂരിലെയും തിരൂരിലെയും വരവേൽപ്പ്. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമേ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സംസാരിച്ചു.