കൊല്ലങ്കോട് > മുതലമട പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനെ തോൽപിക്കാൻ കോൺഗ്രസ് ബിജെപിയുടെ വോട്ട് വാങ്ങി സ്വതന്ത്രന്മാരെ വിജയിപ്പിച്ചു.
കോൺഗ്രസ് പിന്തുണച്ച സ്വതന്ത്ര അംഗങ്ങളായ ടി കൽപ്പനാദേവി പ്രസിഡന്റായും എം താജുദ്ദീൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. ഇതിൽ ഒരംഗം കോൺഗ്രസിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. മറ്റ് രണ്ടുപേർ ബാലറ്റ് സ്വീകരിച്ച് വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിച്ചു. സിപിഐ എം പ്രസിഡന്റ് സ്ഥാനാർഥി കെ ബേബി സുധയ്ക്ക് എട്ടും കൽപ്പനാദേവിക്ക് ഒമ്പതും വോട്ട് ലഭിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിപിഐ എമ്മിലെ ആർ അലൈരാജിനും സ്വതന്ത്ര അംഗം എം താജുദ്ദീനും ഇതേ വോട്ട് നിലയാണ്. 20 അംഗ ഭരണസമിതിയിൽ സിപിഐ എമ്മിന് ഒമ്പതും കോൺഗ്രസിന് ആറും ബിജെപിക്ക് മൂന്നും രണ്ട് സ്വതന്ത്രരുമാണുണ്ടായിരുന്നത്. ഒരംഗം സർക്കാർ ജോലികിട്ടി രാജിവച്ചതിനെത്തുടർന്ന് സിപിഐ എം അംഗബലം എട്ടായി.
തുടർന്ന് സിപിഐ എം ഭരണസമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോൺഗ്രസിനൊപ്പം ബിജെപിയിലെ മൂന്ന് അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് ആർ അലൈരാജ് എന്നിവർ പുറത്തായി. തുടർന്നാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തിയത്. ബിജെപി അംഗം സി രാധയാണ് കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട്ടെ കൊപ്പം പഞ്ചായത്തിലും എൽഡിഎഫിനെ പുറത്താക്കാൻ ബിജെപിയും കോൺഗ്രസും കൈകോർത്തിരുന്നു.