കൊച്ചി> സുപ്രീംകോടതി വിധിയനുസരിച്ച് ഉയർന്ന ഇപിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ വെബ്സൈറ്റ് ലിങ്ക് തുറന്നെങ്കിലും ആദ്യ ദിവസം ആർക്കും ഓപ്ഷൻ നൽകാനായില്ല. ‘എറർ’ എന്നുമാത്രമാണ് കാണിക്കുന്നത്. ഇതേക്കുറിച്ച് പരാതി പറയാനും സംശയനിവാരണത്തിനും പിഎഫ് റീജണൽ ഓഫീസിൽ എത്തുന്നവർക്ക് കൃത്യമായ മറുപടിപോലും നൽകാൻ അധികൃതർക്ക് സാധിക്കുന്നുമില്ല. പലതരം സംശയങ്ങളും ആശങ്കകളുമായി ഇപിഎഫ് എറണാകുളം മേഖലാ ഓഫീസിൽ എത്തുന്നവരുടെ എണ്ണം നിരവധിയാണ്.
2014 സെപ്തംബറിനുമുമ്പ് വിരമിച്ചവരിൽ ശമ്പളത്തിനനുസരിച്ച് ഉയർന്ന പെൻഷൻ വിഹിതം അടയ്ക്കാതിരുന്നവർക്ക് ഇനിയും ഹയർ ഓപ്ഷൻ നൽകാനാകുമോ എന്ന സംശയം ദൂരീകരിക്കാൻ പിഎഫ് അധികൃതർക്കാകുന്നില്ല. കാത്തിരിക്കൂ ഇനിയും ഓപ്ഷനുകൾ വരും എന്നാണ് പിഎഫ് ഓഫീസിൽനിന്ന് ലഭിക്കുന്ന മറുപടി. നിർത്തിവച്ചിരിക്കുന്ന പെൻഷൻ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിലും അധികൃതർ മൗനംപാലിക്കുകയാണ്.
ഷിപ്യാർഡിൽനിന്ന് 2001ൽ വിരമിച്ച തൊഴിലാളിയും 2011ൽ അൺഎയ്ഡഡ് സ്കൂളിൽനിന്ന് വിരമിച്ച ഭാര്യയും അക്ഷയ കേന്ദ്രത്തിൽ എത്തിയതിനുശേഷമാണ് പിഎഫ് ഓഫീസിൽ എത്തിയത്. അക്ഷയ കേന്ദ്രത്തിൽ പിഎഫ് ഹയർ ഓപ്ഷൻ ചെയ്ത് നൽകുന്നില്ല എന്ന് ദമ്പതികൾ പരാതിപ്പെട്ടു. രണ്ടുമണിക്കൂർ കാത്തിരുന്നതിനുശേഷം ഓപ്ഷൻ നൽകാനുള്ള കാലാവധി മെയ് മൂന്നുവരെ നീട്ടിയതിൽ സമാധാനിച്ച് മടങ്ങിപ്പോയി. പൂട്ടിപ്പോയ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും സംശയങ്ങളുമായി പിഎഫ് ഓഫീസിന്റെ പടികൾ കയറിയിറങ്ങുകയാണ്.
ഉയർന്ന പെൻഷൻ തെരഞ്ഞെടുത്താൽ എത്ര പണം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടിവരും എന്നതും പലരെയും കുഴയ്ക്കുന്നുണ്ട്. അതറിയാൻ ഇപിഎഫ്ഒയിൽനിന്ന് ഒരു സഹായവും ലഭ്യമല്ല. വലിയ തുക അടയ്ക്കേണ്ടിവന്നാൽ അതിനനുസരിച്ചുള്ള വർധന പെൻഷനിൽ ഉണ്ടാകുന്നില്ലെങ്കിലോ എന്ന ആശങ്കയും ഇവർക്കുണ്ട്. ഇപിഎഫ്ഒ തയ്യാറാക്കുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്വയം കണ്ടെത്തലും എളുപ്പമല്ല. പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ട തുക കണക്കാക്കാൻ പദ്ധതിയിൽ അംഗമായതുമുതൽ ഓരോ മാസവും ലഭിച്ച ശമ്പളത്തിന്റെ കണക്കും ഓരോവർഷവും പിഎഫിലേക്ക് അടച്ച വിഹിതത്തിന്റെയും തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്കുപോയ വിഹിതത്തിന്റെയും കണക്കും ആവശ്യമാണ്. 2010–11 മുതലുള്ള കണക്കുകൾ ഇപിഎഫ്ഒ വെബ്സൈറ്റിൽ ലഭിക്കുന്ന പാസ്ബുക്കിൽ കിട്ടും. എന്നാൽ, അതിനുമുമ്പുള്ള കണക്കുകൾ എവിടെനിന്ന് സംഘടിപ്പിക്കും എന്ന ആശങ്കയും പെൻഷൻകാർക്കുണ്ട്.
പിഎഫ് അദാലത്ത് പ്രഹസനമായി
‘പിഎഫ് നിങ്ങളുടെ അരികെ’ എന്ന പേരിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തിങ്കളാഴ്ച എറണാകുളത്ത് സംഘടിപ്പിച്ച ജില്ലാ സമ്പർക്ക പരിപാടി പ്രഹസനമായി. പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംശയനിവാരണം എന്നിവയ്ക്ക് സൗകര്യം ഒരുക്കും എന്നായിരുന്നു പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്.
രാവിലെ 10 മുതലാണ് പരിപാടി എന്ന് അറിയിപ്പിൽ പറഞ്ഞിരുന്നു. ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ഇ മെയിൽ ഐഡിയും നൽകിയിരുന്നു. പരിപാടിയിലേക്ക് പ്രവേശനം 11 വരെ എന്ന് പറഞ്ഞിരുന്നില്ലെങ്കിലും 11നുശേഷം എത്തിയവരെ പ്രവേശിക്കാൻ അനുവദിച്ചില്ല. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എത്തിയവരിൽ പലർക്കും ക്ലാസിൽ പ്രവേശിക്കാനാകാതെ മടങ്ങേണ്ടിവന്നു.
ജില്ലയുടെ അതിർത്തിപ്രദേശങ്ങളിൽനിന്ന് ദീർഘദൂരം യാത്ര ചെയ്ത് എത്തിയ വയോധികരടക്കം നിരാശരായി മടങ്ങി. പെൻഷൻ താൽക്കാലികമായി തടസ്സപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. അധികമായി എത്തുന്നവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക് ഉണ്ടാകാതിരുന്നതും സംശയനിവാരണത്തിന് തടസ്സമായി.