മലപ്പുറം> റായ്പുർ പ്ലീനറിയിലും രാജ്യം ഭരിക്കുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എതിർപ്പുപ്രകടിപ്പിക്കാൻ കോൺഗ്രസിനായില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമ്മേളനത്തോടെ കോൺഗ്രസിന് നവോന്മേഷം വന്നെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ വിശകലനം. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ആൾക്കൂട്ട കൊലകളെക്കുറിച്ചോ പശുരാഷ്ട്രീയത്തെക്കുറിച്ചോ മുസ്ലിം–- ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ കടന്നാക്രമണങ്ങളെക്കുറിച്ചോ അവരെ ഉന്മൂലനംചെയ്യാനുള്ള ആഹ്വാനങ്ങളെക്കുറിച്ചോ റായ്പുരിൽ ശബ്ദമുയർന്നില്ല. മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസിന്റെ നയമെന്നും പ്ലീനറി വ്യക്തമാക്കി.
ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി ഹരിയാനയിൽ ചുട്ടുകൊന്ന സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ബജ്റംഗദൾ പ്രവർത്തകൻ മോനു മനേസറിനെതിരെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ കേസെടുക്കാൻ തയ്യാറായിട്ടില്ല.
ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന 370–-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് പറയാനും കോൺഗ്രസിന് നാവുയർന്നില്ല.
ഒബിസിക്ക് പ്രത്യേക മന്ത്രാലയവും ജാതി സെൻസസുമെല്ലാം തെരഞ്ഞെടുപ്പ് വരുമ്പോൾ ആളെപ്പറ്റിക്കാനുള്ള സമീപനമാണ്. കോൺഗ്രസാണ് ഒബിസിക്ക് 27 ശതമാനം സംവരണം നിർദേശിക്കുന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തിവച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്തെ റിപ്പോർട്ട് വി പി സിങ് സർക്കാരാണ് നടപ്പാക്കിയത്.
അദാനിക്കെതിരെയും ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും നവ ഉദാരവൽക്കരണ നയത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവുമാണ് അദാനിമാരെ സൃഷ്ടിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.