ന്യൂഡൽഹി> ഹരിയാന മേവാത്തിലെ ഖൊരി ഖലനിൽ കഴിഞ്ഞ ജനുവരി 28നു വാരിസ് ഖാൻ എന്ന യുവാവ് മരിച്ചതും ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിലാണെന്ന പരാതിയിൽ അന്വേഷണം. ബജ്രംഗ്ദൾ നേതാവ് മോനു മനേസ്വറിന്റെ നേതൃത്വത്തിലുള്ള സംഘം വാരിസി (21)നെ കൊലപ്പെടുത്തിയതാണെന്ന് പരാതി.
വാഹനാപകടത്തിലാണ് വാരിസ് മരിച്ചതെന്ന നിലപാടിലായിരുന്നു പൊലീസ്. കഴിഞ്ഞ 16ന് രാജസ്ഥാൻ– ഹരിയാന അതിർത്തിയിൽ ജുനൈദ്, നസീർ എന്നീ യുവാക്കൾ ഗോരക്ഷാ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് വാരിസിന്റെ മരണവും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. നൂഹ് ജില്ലയിൽ നൂറുകണക്കിനുപേർ റോഡ് ഉപരോധിച്ചു. ഇവിടെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. എസ്എംഎസും തടഞ്ഞു.