ന്യൂഡൽഹി> എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ സ്ഥാനത്ത് സഞ്ജയ്കുമാർ മിശ്രയ്ക്ക് കാലാവധി നീട്ടിനൽകിയ കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് അമിക്കസ്ക്യൂറി. 2003ലെ കേന്ദ്ര വിജിലൻസ് കമീഷൻ ആക്ട് (സിവിസി) ഭേദഗതി ചെയ്താണ് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ചുവർഷമായി കേന്ദ്രം ഉയർത്തിയത്.
വിനീത് നരേയ്ൻ, പ്രകാശ്സിങ്, കോമൺകോസ് കേസുകളിലെ സുപ്രീംകോടതി ഉത്തരവുകൾ പ്രകാരം കാലാവധി നീട്ടിയ നടപടിയും നിയമഭേദഗതിയും നിയമവിരുദ്ധമാണെന്ന് അമിക്കസ്ക്യൂറിയായ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. അമിക്കസ്ക്യൂറിയുടെ നിലപാട് കേന്ദ്രസർക്കാരിനു തിരിച്ചടിയാകും.
അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ കാലാവധി നീട്ടാനാകുവെന്നാണ് കോമൺകോസ് കേസിലെ ഉത്തരവ്. അതുപ്രകാരം സഞ്ജയ്കുമാർ മിശ്രയ്ക്ക് 2021 നവംബറിനുശേഷം ഇഡി ഡയറക്ടർ സ്ഥാനത്ത് കാലാവധി നീട്ടിനൽകാൻ പാടില്ലായിരുന്നു.
ഈ സാഹചര്യത്തിൽ കാലാവധി നീട്ടിയ കേന്ദ്രനടപടി ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും അമിക്കസ്ക്യൂറി ആവശ്യപ്പെട്ടു. മാർച്ച് 21ന് വാദംകേൾക്കൽ തുടരും.