തിരുവനന്തപുരം
ട്രെയിനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് സംസ്ഥാനത്ത് യാത്രക്കാരെ വലച്ചു. തിരുവനന്തപുരം– -കണ്ണൂർ ജനശതാബ്ദി ഉൾപ്പെടെ നാലു ട്രെയിൻ പൂർണമായും മൂന്നു ട്രെയിൻ ഭാഗികമായുമാണ് റദ്ദാക്കിയത്. പാത ഇരട്ടിപ്പിക്കലിന്റെയും അറ്റകുറ്റപ്പണിയുടെയും ഭാഗമായാണ് ട്രെയിൻ നിയന്ത്രണം. തിങ്കളാഴ്ചയും ചില ട്രെയിനുകൾ റദ്ദാക്കി.
12082 തിരുവനന്തപുരം –- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, 06018 എറണാകുളം–- ഷൊർണൂർ മെമു എക്സ്പ്രസ്, 06448 എറണാകുളം–- ഗുരുവായൂർ എക്സ്പ്രസ് എന്നിവ ഞായറാഴ്ചയും തിങ്കളാഴ്ച 12081 കണ്ണൂർ–- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുമാണ് റദ്ദാക്കിയത്. ഹസ്രത്ത് നിസാമുദീൻ–- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വെള്ളി, ശനി ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ചയും ഈ ട്രെയിനുണ്ടാകില്ല. കണ്ണൂർ–- എറണാകുളം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ മെയിൽ, തിരുവനന്തപുരം സെൻട്രൽ–- ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ മെയിൽ എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിച്ചു. നിരവധി ട്രെയിനുകൾ വൈകി ഓടി. ദീർഘദൂര ട്രെയിനുകളിൽ ഉൾപ്പെടെ വലിയ തിരക്കായിരുന്നു. പല ട്രെയിനുകളിലും കയറാനായില്ല. നാല് ജനറൽ കോച്ചുകൾ ഉണ്ടായിരുന്നത് രണ്ടാക്കി കുറച്ചത് സാധാരണക്കാരെ ദുരിതത്തിലാക്കി.
യാത്രാദുരിതം പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തി. തിരുവനന്തപുരം സെൻട്രലിൽനിന്ന് 10 ദീർഘദൂര സർവീസ് ഓടിച്ചു. എറണാകുളം സോണലിൽനിന്ന് 20 അധിക സർവീസ് നടത്തി. കോഴിക്കോട് സോണലിലിലും ക്രമീകരണം വരുത്തി. തിങ്കളാഴ്ച എറണാകുളം സോണലിൽനിന്ന് 70 അധിക സർവീസുണ്ടാകും.