കളമശേരി
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡി(എച്ച്ഐഎൽ–-ഹിൽ ഇന്ത്യ–-)ന്റെ കേരള, പഞ്ചാബ് യൂണിറ്റുകൾ കേന്ദ്രസർക്കാർ അടച്ചുപൂട്ടുന്നു. ഇതുസംബന്ധിച്ച കത്ത് കേന്ദ്ര കെമിക്കൽ ആൻഡ് ഫെർടിലൈസേഴ്സ് മന്ത്രാലയം ഹിൽ സിഎംഡിക്ക് കൈമാറി. കേരളത്തിലെ ഏലൂർ ഉദ്യോഗമണ്ഡലിലെയും പഞ്ചാബിലെ ഭട്ടിൻഡയിലെയും യൂണിറ്റുകൾ പൂട്ടി മുംബൈ രസായനി യൂണിറ്റ് നിലനിർത്താനാണ് നിർദേശം. ഉദ്യോഗമണ്ഡലിലെയും ഭട്ടിൻഡയിലെയും യൂണിറ്റുകളിൽനിന്ന് യന്ത്രഭാഗങ്ങളെത്തിച്ച്, രസായനി യൂണിറ്റ് പൂർണതോതിലാക്കാനാണ് നീക്കം. കേന്ദ്രത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളത്തിലെയും പഞ്ചാബിലെയും യൂണിറ്റുകൾ അടച്ച് ബിജെപി ഭരണസംസ്ഥാനമായ മഹാരാഷ്ട്രയിലെ യൂണിറ്റ് നിലനിർത്താനാണ് കേന്ദ്രനീക്കമെന്നതും ശ്രദ്ധേയം. യൂണിറ്റുകൾ പൂട്ടുന്നതോടെ ജീവനക്കാരുടെ വിന്യാസം, കമ്പനിയുടെ ആസ്തിബാധ്യത എന്നിവ സംബന്ധിച്ച് സമഗ്രനിർദേശം സമർപ്പിക്കണമെന്നും കത്തിലുണ്ട്. കേന്ദ്രം യഥാസമയം ഫണ്ട് നൽകാത്തതിനാൽ ഉൽപ്പാദനം മുടങ്ങിയതോടെ കമ്പനി കടുത്ത പ്രതിസന്ധിയിലാണ്. അഞ്ചുമാസമായി ഉദ്യോഗമണ്ഡലിലെ മൂന്ന് യൂണിറ്റിലെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല.
ഉദ്യോഗമണ്ഡലിൽ
3 യൂണിറ്റുകൾ;
70 ജീവനക്കാർ
ദക്ഷിണേന്ത്യയിൽ മലേറിയ വ്യാപനം തടയാൻ ഡിഡിടി ഉൽപ്പാദനത്തിനാണ് ഏലൂർ ഉദ്യോഗമണ്ഡലിൽ 1954ൽ സംസ്ഥാന സർക്കാർ നൽകിയ 33 ഏക്കറിൽ എച്ച്ഐഎൽ സ്ഥാപിച്ചത്. പിന്നീട് എൻഡോസൾഫാൻ, ബിഎച്ച്സി എന്നിവയും ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. പരിസ്ഥിതിപ്രശ്നങ്ങളെ തുടർന്ന് ബെൻസീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികളുടെ ഉൽപ്പാദനം 1996ലും എൻഡോസൾഫാൻ ഉൽപ്പാദനം 2011ലും ഡിഡിടി ഉൽപ്പാദനം 2018ലും അവസാനിപ്പിച്ചു. ഉൽപ്പാദന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 2018ലാണ് ഹിൽ (ഇന്ത്യ) എന്ന് പേര് മാറ്റിയത്. പിന്നീട് ജൈവ ഉൽപ്പന്നങ്ങളിലേക്ക് ചുവടുമാറ്റി. നിലവിൽ മൂന്നു പ്ലാന്റുകളാണ് ഉദ്യോഗമണ്ഡൽ യൂണിറ്റിലുള്ളത്. ഇവിടെ മാനേജ്മെന്റ് വിഭാഗം ഉൾപ്പെടെ 64 സ്ഥിരം ജീവനക്കാരും ആറ് കരാർ തൊഴിലാളികളുമുണ്ട്. നേരത്തെ കരാർ തൊഴിലാളികളായിരുന്ന ഏഴ് പേർക്ക് കൊടുക്കാനുള്ള ശമ്പള കുടിശ്ശിക കൊടുത്തിട്ടില്ല.
ഇനിയെന്ത്?
കമ്പനി പ്രവർത്തനം മതിയാക്കുമ്പോൾ നിലവിലെ അംഗീകൃതവിലയ്ക്ക് ഭൂമി സംസ്ഥാന സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. ഉദ്യോഗമണ്ഡലിന് പുറമേ പാതാളത്ത് എച്ച്ഐഎൽ കോളനി പ്രദേശത്തും 13.5 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 8 ഏക്കർ കമ്പനി വില കൊടുത്ത് വാങ്ങിയതും 5.5 ഏക്കർ സംസ്ഥാനസർക്കാർ പാട്ടത്തിന് നൽകിയതുമാണ്. ഉദ്യോഗമണ്ഡൽ യൂണിറ്റിനെ സംബന്ധിച്ച് മാനേജ്മെന്റ് അന്തിമതീരുമാനമെടുക്കുമ്പോൾ സംസ്ഥാന സർക്കാർ ഇടപെടുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
കേന്ദ്രം പൂട്ടി,
കേരളം തുറന്നു
സ്വകാര്യവൽക്കരണത്തിന്റെ പേരിൽ ആക്രിവിലയ്ക്ക് തൂക്കിവിൽക്കാൻ കേന്ദ്രം തീരുമാനിച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്സിനെ കേരള സർക്കാർ ലേലത്തിൽ ഏറ്റെടുത്തു. “കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്’ എന്ന പേരിൽ കഴിഞ്ഞ മെയ് 19നു ആദ്യ പേപ്പർ റീൽ പുറത്തിറക്കി. ഉൽപാദനമാരംഭിച്ച് മൂന്ന്മാസത്തിൽ ദക്ഷിണേന്ത്യയിലെ 12 ദിനപത്രങ്ങൾക്ക് പേപ്പർ വിതരണംചെയ്യാനും കഴിഞ്ഞു. മൂന്നുവർഷം പൂട്ടിയിട്ട് കേന്ദ്രസർക്കാർ വിൽപ്പനക്കുവച്ച കാസർകോട് ഭെൽ ഇഎംഎല്ലിയും കേരളമേറ്റെടുത്തു. ഇത് കെൽ ഇലക്ട്രിക്കൽ മെഷിൻസ് ലിമിറ്റഡ് (ഇഎംഎൽ) ആക്കി ഒരുവർഷം തികയുംമുന്നേ സ്ഥാപനത്തിന് 10 കോടി രൂപയുടെ ഓർഡറുണ്ട്. വിദേശത്ത്നിന്ന് 1.25 കോടിയുടെ ഓർഡറും ലഭിച്ചു.
സംസ്ഥാനത്തിന് അർഹമായ ഭൂമി സംരക്ഷിക്കും
സംസ്ഥാനത്തിന് അവകാശപ്പെട്ട ഭൂമി സംരക്ഷിക്കുന്നതിന് പ്രാമുഖ്യം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഹിൽ ഇന്ത്യയുടെ കൈവശമുള്ള ഭൂമിയുടെ നിലവിലെ അവസ്ഥയും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കാൻ വ്യവസായവകുപ്പ് ജില്ലാ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.