തിരുവനന്തപുരം
ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റിൽ 201 പോയിന്റുമായി പാലക്കാടിന് കിരീടം. 10 സ്വർണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമായാണ് പാലക്കാട് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്. ട്രാക്കിലും ഫീൽഡിലും കരിമ്പനയുടെ നാടിന്റെ സമഗ്രാധിപത്യമാണ് തലസ്ഥാന മണ്ണിൽ ദൃശ്യമായത്.
ആദ്യദിനമായ ശനിമുതൽ ഞായർവരെ, കിരീടനേട്ടത്തിലേക്ക് എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു പാലക്കാട്. ആറ് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 128 പോയിന്റുമായി മലപ്പുറവും രണ്ട് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 94.5 പോയിന്റുമായി തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനം നേടി.
മുൻകാലങ്ങളിൽ കിരീടത്തിനായി പാലക്കാടിനൊപ്പം ഇഞ്ചോടിഞ്ച് പോരാടിയ എറണാകുളത്തിന് ഇത്തവണ ഏഴാംസ്ഥാനമാണ്. മത്സരത്തിന്റെ രണ്ടാംദിനമായ ഇന്നലെ പുതിയ മീറ്റ് റെക്കോഡുകളൊന്നും പിറന്നില്ല. തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 18 വയസ്സിനുതാഴെയുള്ള പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ വി എസ് അനുപ്രിയയും 18 വയസ്സിനുതാഴെയുള്ള ആൺകുട്ടികളുടെ പോൾവോൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവുംമാത്രമാണ് മീറ്റ് റെക്കോഡ് നേടിയത്.