കുമരകം
ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് വീഡിയോ കോൺഫറൻസിങ് വഴി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. കൂട്ടായ പ്രവർത്തനവും കഠിനാധ്വാനവുമാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഉത്തരവാദിത്വ ടൂറിസം മിഷനെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായി. സംസ്ഥാന ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രം സ്ഥാപകൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ, യുഎൻ വിമൻ ഇന്ത്യാ മേധാവി സൂസൻ ഫെർഗൂസൻ, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ർഡിനേറ്റർ കെ രൂപേഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എബ്രഹാം ജോർജ് എന്നിവർ സംസാരിച്ചു. ഉത്തരവാദിത്വ ടൂറിസം പദ്ധതിയെക്കുറിച്ചുള്ള വീഡിയോ അഡി. ചീഫ് സെക്രട്ടറി വി വേണു പ്രകാശിപ്പിച്ചു. ഉത്തരവാദിത്വ ടൂറിസം മുന്നേറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബി നൂഹ് അവതരിപ്പിച്ചു. ഉച്ചകോടിയുടെ ബ്രോഷർ കലക്ടർ പി കെ ജയശ്രീ പുറത്തിറക്കി. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 70 പ്രഭാഷകരും 280 പ്രതിനിധികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 28 വരെയാണ് ഉച്ചകോടി.
ഉത്തരവാദിത്വ ടൂറിസത്തെ ജനകീയ മുന്നേറ്റമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
ഉത്തരവാദിത്വ ടൂറിസം നയത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തി ജനകീയ മുന്നേറ്റമാക്കുമെന്ന് ടൂറിസം- മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിഷ്കരണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആതിഥേയ യൂണിറ്റുകളിലും ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ നടപ്പാക്കും. പരിസ്ഥിതി സൗഹൃദവും വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്നതുമായ ടൂറിസം പ്രവർത്തനങ്ങൾ ഉറപ്പുവരുത്തും. ടൂറിസം നയം, വനിതാ ശാക്തീകരണ -സൗഹൃദ നടപടികൾ എന്നിവയും ചർച്ചാ വിഷയമാണ്.
അന്താരാഷ്ട്രതലത്തിലെ മികച്ച ഉത്തരവാദിത്വ മാതൃകകൾ അവതരിപ്പിക്കുകയും ആഗോള തലത്തിലുള്ള സഹകരണം ഉറപ്പാക്കലും ഉച്ചകോടിയിലൂടെ ലക്ഷ്യംവയ്ക്കുന്നു. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ എത്തിക്കുന്നതിനും ഉത്തരവാദിത്വ ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റിയാക്കുന്നതിലൂടെ ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ധസഹായം, സാങ്കേതിക വൈജ്ഞാനിക സഹകരണം എന്നിവ ഉത്തരവാദിത്വ ടൂറിസത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.