കൊച്ചി
ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച കേസിൽ ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. തൃശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ മൂന്നു ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശൂരിലെ വീട്ടിലും ഹെഡ് ഓഫീസിലും നടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമ ജോയ് ആലുക്കാസ് വർഗീസിനെ കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ അഞ്ചുവർഷംമുമ്പ് ആദായനികുതിവകുപ്പാണ് കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജ്വല്ലറിയിലേക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ. ജോയ് ആലുക്കാസിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ആദായനികുതിവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽനിന്നാണ് ഇഡി കേസ് തുടങ്ങുന്നത്.
ഹവാല ഇടപാട് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ജോയ് ആലുക്കാസ് വർഗീസിന് ലഭിച്ചുവെന്നും അത് സാധൂകരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫെമ നിയമപ്രകാരം കേസ് എടുത്തതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.