പേരാമ്പ്ര
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇല്ലാത്ത ബസ് വിവാദവുമായി മാധ്യമങ്ങൾ. വെള്ളിയാഴ്ച കാൽലക്ഷത്തിലേറെപ്പേർ പങ്കെടുത്ത പേരാമ്പ്രയിലെ സമാപനത്തിൽ പ്രവർത്തകരെയെത്തിക്കാൻ വാടകയ്ക്കെടുത്ത ബസ്സുകളിലൊന്നിനെ ചൊല്ലിയാണ് ചില മാധ്യമങ്ങളും കോൺഗ്രസും കഥമെനഞ്ഞത്.
നൂറോളം കുട്ടികളുള്ള പ്ലാന്റേഷൻ ഗവ.ഹൈസ്കൂളിന് കെ കുഞ്ഞമ്മത് എംഎൽഎയായപ്പോൾ അനുവദിച്ച ബസ് രണ്ടുവർഷത്തിലേറെയായി കേടായിക്കിടക്കുകയാണ്. പട്ടികജാതി–- വർഗ വിദ്യാർഥികൾ കൂടുതലുള്ള സ്കൂളിൽ യാത്രാദുരിതം പരിഹരിക്കാൻ പിടിഎയും ജനകീയ കമ്മിറ്റിയും മുൻകൈയെടുത്ത് കടിയങ്ങാട് സ്വദേശി ഷിബിൻ ബാലകൃഷ്ണന്റെ സ്വകാര്യ ബസ് വാടകയ്ക്ക് എടുത്തു. 11 മാസം സർവീസിനായിരുന്നു കരാർ.
കുട്ടികളിൽനിന്ന് ലഭിക്കുന്ന പണം തികയാത്തതിനാൽ സ്കൂൾ സമയം കഴിഞ്ഞും ഒഴിവുദിവസങ്ങളിലും പുറത്ത് സർവീസ് നടത്താമെന്നും വ്യവസ്ഥചെയ്തു. ജാഥാ സ്വീകരണത്തിനായി 20 കിലോമീറ്റർ ഓട്ടത്തിന് 3500 രൂപ വാടക നൽകി.
സ്കൂൾ ബസ്സാണെങ്കിൽ ആർസി ഉടമ പ്രധാനാധ്യാപകനോ പ്രിൻസിപ്പലോ ആയിരിക്കും. ഇത് സ്വകാര്യ ഉടമയുടെ പേരിലുള്ള ബസ്സാണെന്നത് മറച്ചുവച്ചാണ് സ്കൂൾ ബസ് ഉപയോഗിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത്. പേരാമ്പ്രയിലെ വൻ ജനപങ്കാളിത്തത്തിൽ വിറളിപൂണ്ടവരാണ് കള്ളക്കഥ പ്രചരിപ്പിക്കുന്നതെന്ന് മുതുകാട് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.