തിരുവനന്തപുരം
കേരളത്തിലെ കോൺഗ്രസുകാരുടെ മദ്യനയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് റായ്പുർ പ്ലീനറി സമ്മേളനത്തിന്റെ ലഹരിവിരുദ്ധനയം. അംഗങ്ങൾ മദ്യം ഉപയോഗിക്കരുതെന്ന കോൺഗ്രസിന്റെ ഭരണഘടനാ വ്യവസ്ഥതന്നെ ഇല്ലാതാക്കി. മദ്യപാനത്തിനുള്ള പാർടി ലൈസൻസും ഉറപ്പാക്കി. നിലവിലെ കോൺഗ്രസ് ഭരണഘടനയുടെ അഞ്ച് (ബി)(സി) വകുപ്പ് പറയുന്നത് അംഗങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കരുതെന്നാണ്. ഭേദഗതിയിലൂടെ മദ്യം ഒഴിവാക്കി. പകരം ലഹരിപദാർഥങ്ങളും നിരോധിത മരുന്നുകളും ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നാക്കി. ഇത് മദ്യനയത്തിൽ കേരളത്തിലെ കോൺഗ്രസുകാർ കാട്ടിയ ഇരട്ടത്താപ്പ് ഉപേക്ഷിക്കാൻ അവസരമൊരുക്കും.
ചില നേതാക്കൾ മദ്യവിരുദ്ധം എന്ന പേരിൽ സമരംചെയ്യും. മറ്റു നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും മദ്യമാഫിയക്കായി പ്രവർത്തിക്കും. കൂട്ടത്തിൽ ബാർ മുതലാളിമാരായ ജനപ്രതിനിധികളും ചേർന്നതായിരുന്നു കേരളത്തിൽ കോൺഗ്രസ്. പാർടിയിലും സർക്കാരിലും പൊന്തിവന്ന അധികാരത്തർക്കത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മദ്യനിരോധനം തീരുമാനത്തിനു പിന്നിലും ഈ പ്രീണന നയത്തിന്റെ വിജയകരമായി നടപ്പാക്കൽ പ്രകടമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ മദ്യനിരോധന പ്രഹസനം ഏർപ്പെടുത്തി. ബഹുഭൂരിപക്ഷം ബാറുകളും വിദേശമദ്യവിൽപ്പന ഷോപ്പുകളും പൂട്ടി. ഇതിലൂടെ വ്യാജമദ്യ, മയക്കുമരുന്ന് ലോബി തഴച്ചുവളർന്നു. ബാർ അടച്ചുപൂട്ടൽ പിൻവലിക്കേണ്ടിവന്നപ്പോൾ വ്യാജമദ്യലോബി ലഹരിമാഫിയയായി. ഈ മാഫിയക്കെതിരെ എൽഡിഎഫ് സർക്കാർ ജനകീയ പ്രതിരോധം ഉയർത്താൻ തീരുമാനിച്ചപ്പോൾ ആദ്യഘട്ടത്തിൽ കോൺഗ്രസുകാർ ഒപ്പംകൂടി. ജനകീയ പ്രതിരോധം ലഹരി മാഫിയക്ക് അന്ത്യം കുറിക്കുമെന്ന് കണ്ടപ്പോൾ മറുകണ്ടം ചാടി.
സർക്കാരിന്റെ ഏകോപന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ നിയമസഭയിൽ രണ്ടുതവണ അടിയന്തര പ്രമേയ അവതരണശ്രമം നടത്തി. ലഹരി മാഫിയക്കായി കോൺഗ്രസ് എംഎൽഎതന്നെ വാദിക്കാനിറങ്ങി. ഇതിനെ പ്രതിപക്ഷ നേതാവ് ശക്തമായി പിന്തുണച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളുടെയടക്കം ലഹരി ഉപയോഗവും മാഫിയാ ബന്ധങ്ങളും അങ്ങാടിപ്പാട്ടാണ്. പഠന ക്യാമ്പിൽ യുവതി നേരിടേണ്ടിവന്ന പീഡനത്തിന്റെ പേരിൽ സംസ്ഥാന നേതാവിനെത്തന്നെ പുറത്താക്കേണ്ടിവന്നു. മദ്യപാനത്തിന് പാർടി അംഗീകാരമാകുന്നതോടെ സ്ഥിതി കണ്ടറിയേണ്ടിവരും. അംഗങ്ങൾ നിർബന്ധമായും പാലിക്കേണ്ട വ്യവസ്ഥയിൽ പലതിനോടും രാഹുൽ ഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായാണ് വിവരം.