തിരുവനന്തപുരം
സംസ്ഥാനത്തെ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓൺലൈനാക്കുന്നതിന് മുന്നോടിയായി വിദ്യാർഥികളുടെ താരതമ്യപഠനം നടത്തും. ഇതിന് സർക്കാർ മൂന്നംഗസമിതിയെ നിയോഗിച്ചു. പ്രവേശന പരീക്ഷാ അക്കാദമിക് ജോയിന്റ് കമീഷണർ, കംപ്യൂട്ടർ വിഭാഗം ജോയിന്റ് കമീഷണർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. സമിതി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
2020–-21 അക്കാദമിക് വർഷത്തിനുമുമ്പ് നടന്ന പ്രവേശന പരീക്ഷകളെ അടിസ്ഥാനമാക്കിയാണ് താരതമ്യ പഠനം. സ്റ്റേറ്റ് ഹയർ സെക്കൻഡറി, സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളിൽനിന്ന് പരീക്ഷ എഴുതിയവരുടെ കണക്ക്, എഴുതാത്തവരുടെ എണ്ണം, പ്രൊഫഷണൽ കോഴ്സുകളിൽ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്കൂളുകളിൽ പഠിച്ചവരിൽ എത്രപേർ എൻട്രൻസ് പരീക്ഷ എഴുതി പ്രവേശനം നേടുന്നുണ്ട്, ഇവരിൽ ബിപിഎൽ, എപിഎൽ എത്ര തുടങ്ങിവയാണ് പഠനവിഷയങ്ങൾ. ഈ വർഷംകൂടി കീം എഴുത്തുപരീക്ഷയായി തുടരും. കീം വിജ്ഞാപനം മാർച്ച് ആദ്യം പ്രസിദ്ധീകരിക്കും. മെയ് 17നാണ് പരീക്ഷ.