ലണ്ടൻ
ഒറ്റഗോളിൽ ലെസ്റ്റർ സിറ്റിയെ മറികടന്ന് അഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആധിപത്യം തുടർന്നു. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിലാണ് പീരങ്കിപ്പട ജയമാഘോഷിച്ചത്. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ബേണിമൗത്തിനെ 4–-1ന് മുക്കി ലീഡുനില കുറച്ചു. ഒന്നാമതുള്ള അഴ്സണലിന് 24 കളിയിൽ 57 പോയിന്റുണ്ട്. ഒരു മത്സരം കൂടുതലുള്ള സിറ്റിക്ക് 55.
ലെസ്റ്ററിനെതിരെ കടുത്ത പോരാട്ടം അതിജീവിച്ചാണ് അഴ്സണൽ മുന്നേറിയത്. ലിയാൻഡ്രോ ട്രോസാർഡ് ആദ്യപകുതിയിൽ ലക്ഷ്യംകണ്ടെങ്കിലും വാർ തടഞ്ഞു. ഇടവേള കഴിഞ്ഞയുടനെ ട്രോസാർഡിന്റെ പാസ് സ്വീകരിച്ച് മാർട്ടിനെല്ലി നിറയൊഴിച്ചു. ബേണിമൗത്തിനെതിരെ ജൂലിയൻ അൽവാരെസ്, എർലിങ് ഹാലണ്ട്, ഫിൽ ഫൊദെൻ എന്നിവരാണ് സിറ്റിക്കായി ലക്ഷ്യംകണ്ടത്. മറ്റൊന്ന് ക്രിസ് മെഫാമിന്റെ പിഴവിൽനിന്നായിരുന്നു. ബേണിമൗത്തിനായി ജെഫേഴ്സൺ ലെർമ മറുപടി നൽകി.
ലിവർപൂളിനെ ക്രിസ്റ്റൽ പാലസ് ഗോളടിക്കാതെ തളച്ചു. 36 പോയിന്റുമായി ഏഴാമതാണ് മുൻ ചാമ്പ്യൻമാരായ ലിവർപൂൾ. ചെൽസിയെ ടോട്ടനം രണ്ട് ഗോളിന് തകർത്തു. ആസ്റ്റൺ വില്ല എവർട്ടണെയും (2–-0), ലീഡ്സ് യുണൈറ്റഡ് സതാംപ്ടണെയും (1–-0) തോൽപ്പിച്ചു.