തിരുവനന്തപുരം> കേരളം അതിശക്തമായ രീതിയിൽ വ്യവസായ സൗഹൃദമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായിയും വി ഗാര്‍ഡ് സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് സംസ്ഥാനസർക്കാരിന്റെ കടുത്ത വിമർശകനായി മാധ്യമങ്ങൾ ചിത്രീകരിക്കാറുള്ള അദ്ദേഹം സർക്കാരിനെ പ്രശംസിച്ചത്.
പിണറായി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഠിനശ്രമം നടത്തുന്നുണ്ട്. നമ്മൾ അറ്റംപറ്റി നിൽക്കുകയാണ്. ജിഎസ്ടി പിരിവ് മെച്ചപ്പെടണമെങ്കിൽ സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദനം വർധിക്കണം. നിര്‍മ്മാണ യൂണിറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. വ്യവസായ മന്ത്രി പി രാജീവ് ഇടക്ക് വിളിക്കാറുണ്ട്. ആശയങ്ങള്‍ പങ്ക് വെക്കാറുണ്ട്. മാറ്റങ്ങൾ വരുത്താൻ മന്ത്രിയും ഒപ്പമുള്ളവരും കഠിന പ്രവർത്തനമാണ് നടത്തുന്നത്. കാര്യങ്ങൾ മെച്ചപ്പെടുന്നു. മുമ്പ് ഒരു പ്രശ്നവുമായി ഒരു മന്ത്രിയെ സമീപിച്ചാല്‍ അത് മനസിലാക്കാന്‍ അവര്‍ ശ്രമിക്കില്ലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യാസം വന്നു. വലിയ സാധ്യതകൾ ഉള്ളതാണ് കേരളത്തിന്റെ വിപണി. എന്നാൽ ഉൽപ്പന്നത്തിന്റെ ആശയം നവീനമായിരിക്കണം. ഇങ്ങോട്ട് നിക്ഷേപത്തിന് വരുന്നവരെ ഓർമ്മപ്പെടുത്താനുള്ളത് അതാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ സാമ്പത്തിക സൂചകങ്ങളിൽ കേരളം മറ്റ് സംസഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും അഭിലാഷങ്ങളും ഉള്ള ജനതയാണ്. പട്ടിണിയില്ല. മറ്റ് സംസഥാനങ്ങൾ കേരളത്തെ മാതൃകയാക്കിയാൽ രാജ്യമാകെ വികസിതമാകും. ട്രേഡ് യൂണിയനുകൾക്ക് പ്രസക്തിയുണ്ടെന്നും എന്നാൽ അവർ അവരുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി കൂടി ബോധവാന്മാരാകണമെന്നും‐ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.