കൊച്ചി> ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ ഗോളടിക്കാനനുവദിക്കാതെ വരിഞ്ഞുകെട്ടിയത്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം. തോല്‍വിയോടെ 20 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗ് ഘട്ടത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. മാര്‍ച്ച് മൂന്നിന് നടക്കുന്ന മത്സരത്തില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിയെ നേരിടും.
ആദ്യപകുതിയില്‍ ബോര്‍ഹ ഹെരേരയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹാലിചരണ്‍ നര്‍സാരിയുടെ പാസില്‍ നിന്നായിരുന്നു ഹെരേരയുടെ ഗോള്‍. ഇരു പകുതികളിലുമായി ഹൈദരാബാദ് നേടിയ രണ്ടു ഗോളുകള്‍ ഓഫ്സൈഡ് കെണിയില്‍ കുരുങ്ങിയത് ബ്ലാസ്റ്റേഴ്സ് തോല്‍വിയുടെ ആഘാതം കുറച്ചു.