മട്ടന്നൂര്‍> നടുവനാട് കുറുവന്തേരിയില്‍ ചെങ്കല്ല് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കല്ലുവെട്ട് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ തമിഴ്നാട് സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
ചെങ്കല്‍ ക്വാറിയില്‍ നിന്ന് ചെങ്കല്‍ കയറ്റിയ ലോറി കല്ലുവെട്ട് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ തിരിച്ചിടുന്നതിനിടെ നിയന്ത്രണം വിട്ടാണ് താഴ്ചയിലേക്ക് മറിഞ്ഞത്. തലകീഴായി മറിഞ്ഞ ലോറിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ വിവരം അറിഞ്ഞ് മട്ടന്നൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
കാര്ത്തികേയന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു.മട്ടന്നൂര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി ലിഷാദിന്റെ നേതൃത്വത്തില്‍ സുനില്‍ കുമാര്‍, റിജിത്ത്, ഷിജിന്, സുനീഷ്, ഹോംഗാര്‍ഡ് സുരേഷ്ബാബു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.