കൊച്ചി> ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കാൻവേണ്ട സഹായങ്ങൾ വീട്ടുമുറ്റത്തെത്തിക്കാൻ “ഇ–-മുറ്റം’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സർക്കാരിന്റെ മൂന്നാം നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 14 ജില്ലകളിലെയും, തെരഞ്ഞെടുക്കുന്ന ഒരു പഞ്ചായത്തില്‍ ആദ്യം പദ്ധതി നടപ്പാക്കും. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തയ്യാറെടുപ്പ് തുടങ്ങി.
തെരഞ്ഞെടുക്കുന്ന പഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സാക്ഷരരാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ എത്തിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിനുള്ള ചുവടുകളിലൊന്നാണ് ഇ–-മുറ്റം പദ്ധതിയെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ജില്ലാ സാക്ഷരതാസമിതി ചേർന്നാണ് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നത്. ഇവിടങ്ങളിൽ ഡിജിറ്റൽ സർവേ നടത്തി 15 വയസ്സിനുമുകളിലുള്ള ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി ക്ലാസുകൾ നൽകും. ഇതിന് കെെറ്റിന്റെ നേതൃത്വത്തിൽ കെെപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങൾ, ആപ്പുകൾ എന്നിവയുടെ ഉപയോഗം പഠിപ്പിക്കുക, അവയുടെ ഗുണം–ദോഷം എന്നിവയെക്കുറിച്ച് അവബോധം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. |
എൻഎസ്എസ്, എൻസിസി വളന്റിയർമാർ, സന്നദ്ധപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ മേഖലകളിൽനിന്ന് പരിശീലകരെ തെരഞ്ഞെടുക്കും. വിദഗ്ധ പരിശീലനം ലഭിച്ച മൂന്ന് റിസോഴ്സ് പേഴ്സൺമാര്‍ ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നൽകും. പഠിതാക്കളുടെ സൗകര്യം അനുസരിച്ച് ഇൻസ്ട്രക്ടർമാർ വീടുകളിലെത്തി ക്ലാസുകൾ കൈകാര്യം ചെയ്യും. 12 മണിക്കൂർ ക്ലാസ് ഉറപ്പാക്കി ഡിജിറ്റൽ സാക്ഷരതാ പരീക്ഷ നടത്തും. 15 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. ഏപ്രിലോടെ ഡിജിറ്റൽ സാക്ഷരതാ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന പറഞ്ഞു.