തിരുവനന്തപുരം> സംസ്ഥാനത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിന് മൂന്നു മേഖലയിൽ പ്രത്യേകശ്രദ്ധ നൽകിയുള്ള പ്രവർത്തനം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ കൃഷിരീതി സംസ്ഥാനത്ത് പ്രചാരത്തിൽ കൊണ്ടുവരികവഴി ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, കാർഷികോൽപ്പന്നങ്ങളുടെ ശേഖരണവും വിപണനവും വർധിപ്പിച്ച് കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുക, കാർഷികോൽപ്പന്നങ്ങളെ വ്യാവസായിക മൂല്യവർധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വൈഗ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷികോൽപ്പന്നങ്ങളെ വ്യാവസായികതലത്തിലുള്ള സംസ്കരണ, മൂല്യവർധിത മേഖലകളുമായി ബന്ധിപ്പിച്ചാൽ മാത്രമേ സ്ഥിരതയുള്ള വിപണിയും ഉയർന്ന വിലയും കർഷകനു ലഭിക്കൂ. ഇത് ഉറപ്പുവരുത്താൻ വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധികൾ നിരവധിയുണ്ടായിട്ടും 2021–-22ൽ കാർഷിക മേഖലയിൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ കേരളത്തിനായി. 35,000 ഏക്കറിലധികം തരിശുനിലങ്ങളിൽ കൃഷി ആരംഭിച്ചു. കാൽ ലക്ഷത്തിലേറെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു. 8268 ഹെക്ടറിൽ അധികമായി നെൽക്കൃഷി ആരംഭിച്ചു. 2016ൽ 7.25 മെട്രിക്ക് ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം 2021ൽ ഒന്നര ലക്ഷം ഹെക്ടറായി വർധിപ്പിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനായി. ചെറുവയൽ രാമൻ, നബാർഡ് ചെയർമാൻ കെ വി ഷാജി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. സിക്കിം കൃഷിമന്ത്രി ലോക്നാഥ് ശർമ, അരുണാചൽ പ്രദേശ് കൃഷിമന്ത്രി ടഗേ ടകി, ഹിമാചൽ പ്രദേശ് കൃഷി–- – മൃഗസംരക്ഷണ മന്ത്രി ചന്ദേർകുമാർ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചീഫ് സെക്രട്ടറി വി പി ജോയ്, കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, ഡയറക്ടർ കെ എസ് അഞ്ജു തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് രണ്ടു വരെ നടക്കുന്ന മേളയിൽ 210 ലേറെ പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവയുമുണ്ടാകും.