കോഴിക്കോട്
പ്രസംഗവേദികളിൽ എം വി ഗോവിന്ദൻ അധ്യാപകനാണ്. സദസ്സ് വിദ്യാർഥികളും. നാടിന്റെ നാനാവിധ പ്രശ്നങ്ങൾ അതി സൂക്ഷ്മമായി മാഷ് അവതരിപ്പിക്കും. അതിനെക്കുറിച്ച് സദസ്സിലേക്ക് ചോദ്യമെറിയും. ഉത്തരം പറഞ്ഞവരെ അഭിനന്ദിക്കും. സാധാരണക്കാരനുപോലും സാമ്പത്തിക ശാസ്ത്രം മനസ്സിലാകുന്ന ജനത കേരളത്തിൽ മാത്രമാണെന്ന പ്രശംസയും വരും. നാടിനെ സമരസജ്ജമാക്കിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുന്നേറുന്നത്.
‘അദാനി എങ്ങനെയാണ് ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായത്’? ചോദ്യം സദസ്സിനോടാണ്. ‘അദാനിയുടെ മാനേജരുടെ മിടുക്കുകൊണ്ടല്ല, ഇന്ത്യൻ ഭരണവർഗത്തിന്റെ ഒത്താശയിലാണ് അദ്ദേഹം സമ്പന്നനായത്.
പൊതുമേഖലാ സ്ഥാപനങ്ങൾ ചുളു വിലയ്ക്കാണ് അദാനിയെപ്പോലുള്ളവർക്ക് തീറെഴുതുന്നത്. അത് വാങ്ങാനുള്ള കാശ് പൊതുമേഖലാ ബാങ്കുകൾ വായ്പയായി നൽകും. പിന്നീട് അത് കിട്ടാക്കടമായി എഴുതിത്തള്ളും’. ഉത്തരത്തിൽ നിന്നും അടുത്ത ചോദ്യത്തിലേക്ക് കടക്കും. ‘അങ്ങനെയെങ്കിൽ ലാഭമുണ്ടാക്കാൻ അദാനിമാർ മുടക്കിയ പണമെത്രയാണ്?’ സദസ്സിന്റെ മറുപടി കേട്ട് മാഷ് അതേറ്റു പറഞ്ഞു. ‘പൂജ്യം. വെറും പൂജ്യമല്ല. വട്ടപ്പൂജ്യം’–- സദസ്സിൽ നിർത്താത്ത ചിരി.
സ്ത്രീ ജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരായ ആക്രമണമാണ് കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയുടെ പ്രസംഗം. ജാഥാ മാനേജർ സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു സരസവും ലളിതവുമായ ശൈലിയിലാണ് ജന മനസ്സ് കീഴടക്കുന്നത്. യുവത്വത്തിന്റെ തീക്ഷ്ണതയും വാക്കുകളുടെ തീക്കനലും നിറച്ചാണ് സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് വേദി കീഴടക്കുന്നത്. പുതിയ കാലത്തിന്റെ രാഷ്ട്രീയ ഭൂമികയെ ലളിതമായ വാക്കുകളിൽ ഊർജമായി പകർന്നാണ് ജെയ്ക് സി തോമസ് കൈയടി നേടുന്നത്. സിപിഐ എമ്മിന് ഇസ്ലാമോഫോബിയ ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വാക്കുകളാൽ അരിഞ്ഞു
തള്ളുകയാണ് കെ ടി ജലീൽ.
കോഴിക്കോട് ജില്ലയുടെ കടത്തനാടൻ മണ്ണിലായിരുന്നു രണ്ടാം ദിനത്തെ സ്വീകരണം. കല്ലാച്ചിയിലും ആയഞ്ചേരിയിലും വടകരയും കൊയിലാണ്ടിയും ജന മുന്നേറ്റത്തിന്റെ പുതു ചരിത്രമെഴുതി. പതിനായിരങ്ങളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ആവേശത്തിരയായത്. രാത്രി കോഴിക്കോട് കടപ്പുറത്ത് ജാഥ സമാപിക്കുമ്പോൾ സാമ്രാജ്യത്വ പോരാട്ടത്തിന്റെ സ്മരണകളുറങ്ങുന്ന മണ്ണ് ചെങ്കടലായി.