ന്യൂഡൽഹി> അദാനി– ഹിൻഡെൻബെർഗ് വിഷയത്തിൽ വാർത്തകൾ കൊടുക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ഒരുത്തരവ് ഈ കോടതിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി.
ഹിൻഡെൻബെർഗ് റിസെർച്ചിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ അഡ്വ. എം എൽ ശർമയാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. മാധ്യമങ്ങൾ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും അത് തടയണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, യുക്തിസഹമായ വാദങ്ങൾ ഉന്നയിക്കാൻ ചീഫ്ജസ്റ്റിസ് നിർദേശിച്ചു. ഹിൻഡെൻബെർഗ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ ഇടിവ് കാരണം നിക്ഷേപകർക്ക് ലക്ഷകണക്കിന് കോടി നഷ്ടപ്പെട്ട കാര്യം സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയന്ത്രണസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ വിദഗ്ധസമിതി രൂപീകരിക്കാൻ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. സമിതി അംഗങ്ങൾ, സമിതി പരിഗണനാവിഷയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ആരൊക്കെ സമിതി അംഗങ്ങളാകണമെന്നത് ഉൾപ്പടെ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ നൽകിയ ശുപാർശ തള്ളിയാണ് സുപ്രീംകോടതി സ്വന്തം നിലയ്ക്ക് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.















