തിരുവനന്തപുരം
എഐസിസി പ്ലീനറി സമ്മേളനം റായ്പുരിൽ വെള്ളിയാഴ്ച തുടങ്ങുമ്പോൾ നെഞ്ചിടിപ്പോടെ കോൺഗ്രസിന്റെ കേരള നേതാക്കൾ. ദേശീയതലത്തിൽ ഒരു തലമുറ നേതാക്കൾ ഒഴിയുമ്പോൾ പകരം ആര് എന്നതാണ് പ്രധാന ചർച്ച. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിയാനാണ് സാധ്യത. പകരം കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വരുമെന്നാണ് സൂചന. മൂന്നാമതൊരാൾക്ക് അവസരം കിട്ടിയാൽ മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കാണ് സാധ്യത. കെ സുധാകരന്റെയും വി ഡി സതീശന്റെയും പേര് ചർച്ചയുടെ പരിസരത്തുപോലുമില്ല. സാധാരണ കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും പരിഗണിക്കാറുണ്ട്. അതുണ്ടാകാത്തത് നേതൃതലത്തിൽ ഇവർക്ക് കാര്യമായ അംഗീകാരമില്ല എന്നതിന്റെ തെളിവാണ്.
മുല്ലപ്പള്ളി രാമചന്ദ്രനെ അച്ചടക്ക സമിതി ചെയർമാനോ മറ്റേതെങ്കിലും ഭാരവാഹിസ്ഥാനത്തേക്കോ ആണ് പരിഗണിക്കുക. ദേശീയനേതൃത്വത്തിൽ സുപ്രധാന റോൾ വഹിക്കാൻ താൻ അർഹനാണെന്ന പരസ്യ പ്രഖ്യാപനം നടത്തി കൊടിക്കുന്നിലും രംഗത്തുണ്ട്. പാർടിയെ വെല്ലുവിളിക്കാൻ ശേഷിയുണ്ടെന്ന് ശശി തരൂരും തെളിയിച്ചു. ഇവരെ രണ്ടുപേരെയും എവിടെ ഉൾക്കൊള്ളിക്കും എന്നതും നേതൃത്വത്തെ കുഴയ്ക്കും. കൊടിക്കുന്നിലിന് സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ മുമ്പും ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. തരൂരിനെ തഴഞ്ഞാലുള്ള തിരിച്ചടിയിലാണ് നേതൃത്വത്തിന് ഭയം.
കെപിസിസിയുടെ ഭാരവാഹി പട്ടിക സംബന്ധിച്ചും റായപുരിൽ വച്ച് ചർച്ച നടത്തി ധാരണയാകാനാണ് നേതാക്കളുടെ തീരുമാനം. കെ സുധാകരൻ പരമ്പരാഗത ഗ്രൂപ്പുകളെ വകവയ്ക്കാതെ പുതിയ 50 പേരുടെ നോമിനേഷനടക്കം നടത്തിയതിൽ രൂക്ഷമായ തർക്കവും നിലവിലുണ്ട്. ഗ്രൂപ്പുകളുടെ പരാതി തള്ളുകയാണ് സുധാകരനും വി ഡി സതീശനും ചെയ്തത്. പ്ലീനറി കഴിഞ്ഞാൽ ചില നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുമെന്നാണ് അറിയുന്നത്.
ഇന്ന് തുടക്കം
ആശയക്കുഴപ്പങ്ങൾക്കും അഭിപ്രായഭിന്നതകൾക്കും ഇടയിൽ കോൺഗ്രസിന്റെ 85–-ാമത് പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഛത്തീസ്ഗഢിലെ റായ്പുരിൽ തുടക്കമാകും. പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും. പ്രതിപക്ഷ സഖ്യം സംബന്ധിച്ചും ചർച്ചകൾ നടക്കും. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഛത്തീസ്ഗഢിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
പ്ലീനറി സമ്മേളനത്തെ ബിജെപിയും കേന്ദ്രസർക്കാരും ഭയക്കുന്നുവെന്നതിന്റെ തെളിവാണ് കോൺഗ്രസ് വക്താവ് പവൻഖേരയുടെ അറസ്റ്റെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. മൂന്ന് ദിവസം നീണ്ട പ്ലീനറി സമ്മേളനത്തിൽ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയതർക്കങ്ങൾക്ക് ഇടയാക്കിയേക്കും. പ്രവർത്തകസമിതി തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് വേണ്ടെന്നും നാമനിർദേശം മതിയെന്നുമാണ് നേതൃത്വത്തിനോട് അടുത്ത വൃത്തങ്ങളുടെ നിലപാട്. എന്നാൽ, പി ചിദംബരം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്ലീനറി സമ്മേളന പ്രതിനിധി പട്ടിക പുറത്തുവന്നതോടെ തർക്കങ്ങൾ രൂക്ഷമായിരുന്നു. രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ മകനും വിശ്വസ്തരും പ്രതിനിധികളായതിൽ സച്ചിൻപൈലറ്റ് പക്ഷം രംഗത്തെത്തി.